തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന പരാമര്‍ശം പിന്‍വലിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആഹ്ലാദപ്രകടനം നടത്തിയെന്നു പറയുന്ന വീഡിയോയില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് കുമ്മനം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താന്‍ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ സിപിഎമ്മുകാരാണ് വീഡിയോയിലുള്ളതെന്ന് താന്‍ പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകാരാണ് പ്രകടനം നടത്തിയതെന്നാണ് താന്‍ പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രവര്‍ത്തകരുടെയോ പേര് താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് 153(എ) വകുപ്പു പ്രകാരം കണ്ണൂര്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നിലപാട് തിരുത്തി കുമ്മനം രംഗത്തുവന്നത്. തന്റെ ശ്രദ്ധയില്‍ വന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പരാതിക്കാര്‍ക്കെതിരെ കേസെടുക്കുന്നത് പകപോക്കലിന്റെ ഭാഗമാണ്. സിപിഎം പ്രവര്‍ത്തകര്‍ മാത്രമാണ് ഇതിനെതിരെ രംഗത്തുവന്നത്. അണികള്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.