ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. പിണറായിയുടെതലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചന്ദ്രാവതിനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

ഈ മാസം തുടക്കത്തില്‍ ഉജ്ജയ്നി ശഹീദ് പാര്‍ക്കില്‍ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. കേരളത്തിലെ സി.പി.എം അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പരാമര്‍ശം.

ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന കേരള മുഖ്യമന്ത്രിയുടെ തലയെടുത്താല്‍ അതിന് പ്രത്യുപകാരമായി ഒരുകോടിയിലേറെ രൂപ പ്രതിഫലം നല്‍കും. ഇതിനായി വേണമെങ്കില്‍ ഞാനെന്റെ വസ്തുക്കള്‍വരെ വില്‍ക്കും. മുന്നൂറോളം പ്രചാരകര്‍ കൊല്ലപ്പെട്ടു. ഭാരതമാതാവിനുള്ള രക്തഹാരമായി ഞങ്ങള്‍ മൂന്നുലക്ഷം തലകളെടുക്കുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു” ഇങ്ങനെയായിരുന്നു വിവാദ പ്രസംഗം.
വിവാദ പരാമര്‍ശം പിന്‍വലിച്ചു ഖേദപ്രകടനം നടത്തിയെങ്കിലും ആര്‍എസ്എസ് നേതൃത്വം കുന്ദന്‍ ചന്ദ്രാവതിനെ സംഘടനയില്‍നിന്നു പുറത്താക്കി.