കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന്‍ ലാല്‍ രംഗത്ത്. സംഭവത്തിലെ മുഖ്യപ്രതി സുനിയെ പരിചയമില്ലെന്ന് ലാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി ആവശ്യപ്പെട്ടതുപ്രകാരമാണ് തൃശൂരിലേക്ക് വാഹനം അയച്ചത്. സുഹൃത്തും നടിയുമായ രമ്യാനമ്പീശന്റെ വീട്ടിലേക്ക് താമസിക്കാനായിരുന്നു നടിയെത്തിയത്. ഇടക്കിടെ വിളിച്ച് എവിടെയെത്തിയെന്ന് അന്വേഷിച്ചിരുന്നു. തന്റെ വീട്ടിലിറക്കിയ ഡ്രൈവര്‍ മാര്‍ട്ടിനെ പിന്തുടര്‍ന്ന് പിടിച്ചതും താനായിരുന്നു. രക്ഷിക്കാനെത്തിയതായിരുന്നു നിര്‍മ്മാതാവ് ആന്റോ. എന്നാല്‍ ആന്റോയെ മോശമായി ചിത്രീകരിച്ചത് വേദനയുണ്ടാക്കി. സംഭവങ്ങളിലേക്ക് നടന്‍ ദിലീപിനെ വലിച്ചിഴച്ചത് ദിലീപിന് വേദനയുണ്ടാക്കി. ഇത് എല്ലാവരും മനസ്സിലാക്കണമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. പ്രതികളെ മുഴുവന്‍ പിടിച്ചതില്‍ കേരളപോലീസ് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് കണ്ടെത്തണമെന്നും ലാല്‍ പറഞ്ഞു.

ന്യൂജനറേഷന്‍ സിനിമകളില്‍ കഞ്ചാവാണെന്ന പ്രചാരണം തെറ്റാണ്. പഴയകാല താരങ്ങളെല്ലാം പുതിയ ചിത്രങ്ങളിലും ഭാഗമാണ്. എന്നാല്‍ കഞ്ചാവ് കൊണ്ട് ഒരു സിനിമയും വിജയിക്കില്ല. പഴയ സിനിമക്കാര്‍ സിനിമയിലെ പുതുവഴികളിലേക്ക് തിരിയുകയാണ് വേണ്ടതെന്നും ലാല്‍ പറഞ്ഞു.