തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുനേതാക്കളെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കിയത് എല്‍.ഡി.എഫിന് മുഖത്തേറ്റ അടിയായി. തെരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. അണികളോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇടതുനേതൃത്വം. സി.പി.എം വിട്ടുവന്ന നാല് നേതാക്കളെയും ഒരു സി.പി.ഐ നേതാവിനെയുമാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാക്കിയത്. കെ.സഞ്ജു, പി.എസ് ജ്യോതിസ്, ബിജു മാത്യു, മിനര്‍വ്വ മോഹന്‍ എന്നിവര്‍ക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കിയപ്പോള്‍ സി.പി.ഐ വിട്ട തമ്പി മേട്ടുതറയെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയാക്കി.

കഴിഞ്ഞദിവസമാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ കൗണ്‍സില്‍ അംഗവുമായ തമ്പി മേട്ടുതറ സി.പി.ഐ വിട്ടത്. കുട്ടനാട്ടിലാണ് അദ്ദേഹം മല്‍സരിക്കുക.സംവരണ മണ്ഡലമായ മാവേലിക്കരയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാകുന്ന കെ.സഞ്ജു സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും നേരത്തേ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. 25 വര്‍ഷത്തെ സി.പി.എം ബന്ധം ഉപേക്ഷിച്ച് അഡ്വ.പി.എസ് ജ്യോതിസാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിച്ചത്. ബി.ഡി.ജെ.എസിന്റെ ചേര്‍ത്തല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ജ്യോതിസ്. സി.പി.എം നേതവായിരുന്ന ബിജു മാത്യുവിനെയാണ് ബി.ജെ.പി ആറന്‍മുളയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. കഴിഞ്ഞ തവണ ആറന്‍മുളയിലെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വീണ ജോര്‍ജ്ജിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത് ബിജു മാത്യുവായിരുന്നു. കോട്ടയം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ടിക്കറ്റ് നല്‍കിയത് സി.പി.എം നേതാവും തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹനാണ്.