പുരാണത്തില്‍ പാതാളത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്ത വാമനനുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനില്‍ക്കുന്ന നാടാണ് തൃക്കാക്കര. പുതിയകാലത്ത് എല്‍.ഡി.എഫിന് പരാജയത്തിന്റെ പാതാളവഴി കാണിച്ചുകൊടുത്തിരിക്കുകയാണ് തൃക്കാക്കര. അധികാരത്തിന്റെ അഹന്തയില്‍ അന്ധത ബാധിച്ച ഭരണകൂടത്തിന് ജനാധിപത്യം നല്‍കിയ ചവിട്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം. എല്‍.ഡി.എഫിന്റെ വികസന നയങ്ങള്‍ക്കും സാമുദായിക ധ്രുവീകരണ അജണ്ടകള്‍ക്കും ജനവിരുദ്ധ ഭരണത്തിനുമെതിരെയുള്ള വിലയിരുത്തലായിരുന്നു ഈ ഉപതിരഞ്ഞെടുപ്പ്. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു തൃക്കാക്കര ഇലക്ഷന്‍ പ്രഖ്യാപനം.

പ്രതിഷേധങ്ങള്‍ അവഗണിച്ചും അടിച്ചമര്‍ത്തിയും മുന്നോട്ടുപോകാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടിയായി ജനഹിതപരിശോധന. ഇത് മുന്‍കൂട്ടികണ്ടറിഞ്ഞ് ഉടന്‍ കല്ലിടല്‍ അവസാനിപ്പിച്ചു സര്‍ക്കാര്‍. ജനവിരുദ്ധ-പരിസ്ഥിതി വിരുദ്ധ പദ്ധതിയെന്ന് സര്‍ക്കാരിനുതന്നെ ബോധ്യമുണ്ടെന്നതിന് ഇതില്‍പരമെന്തു തെളിവ് വേണം. ജനഹിതം ഈ ഇലക്ഷനില്‍ പ്രതിഫലിക്കും എന്നവര്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അത് പ്രതിഫലിക്കുകയും ചെയ്തു. തൃക്കാക്കര സില്‍വര്‍ലൈനിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന സ്ഥലമാണെന്നായിരുന്നു പ്രചാരണം. ആര്‍ക്കും ഭൂമി നഷ്ടപ്പെടാത്ത, എന്നാല്‍ തൃക്കാക്കരക്കാര്‍ ഗുണഭോക്താക്കളാവുന്ന തരത്തില്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ചിത്രമായിരുന്നു ഇടതുപക്ഷം വരച്ചുകാണിച്ചുകൊടുത്തത്. കേരളത്തിന്റെ മൊത്തം രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്നൊരു വിഷയത്തെ തൃക്കാക്കര മണ്ഡലത്തിലെ കുറെപ്പേര്‍ക്ക് ലാഭമാകുമെന്ന മട്ടില്‍ വോട്ടാക്കാന്‍വേണ്ടി നടത്തിയ ക്ഷുദ്രപ്രചാരണതന്ത്രം പക്ഷേ വിലപ്പോയില്ല. വോട്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തി. അങ്ങനെ കേരളം മുഴുവന്‍ അലയടിക്കുന്ന പ്രതിഷേധങ്ങളുടെ പരിച്ഛേദമായി തിരഞ്ഞെടുപ്പുഫലം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘമാണ് തൃക്കാക്കരയില്‍ തമ്പടിച്ച് ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. അഥവാ കേവലമൊരു ഉപതിരഞ്ഞെടുപ്പായല്ല ഭരണകൂടം തൃക്കാക്കര തിരഞ്ഞെടുപ്പിനെ കണ്ടത്. ഇത് കേരളത്തിന്റെ മുഴുവന്‍ ജനഹിതമായി മാറുന്നത് അങ്ങനെയാണ്. പോള്‍ചെയ്ത 13,42,38 വോട്ടുകളില്‍ 72,770 വോട്ടും ഉമാതോമസിനാണ് ലഭിച്ചത്. 54.2 ശതമാനം. അഥവാ എതിരെ മത്സരിച്ചവര്‍ക്ക് ലഭിച്ച മുഴുവന്‍ വോട്ടുകളും ചേര്‍ത്താലും ഉമതോമസിനുതന്നെ വിജയം. പി.ടി തോമസിന് ലഭിച്ചതിലും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് ഉമാതോമസിന്റെ വിജയം. യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമാണിത്. ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് യു.ഡി.എഫ് നടത്തിയത്. ഓരോ വോട്ടും എണ്ണിതിട്ടപ്പെടുത്തിയുള്ള, അടിത്തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനമാണ് വിജയത്തിന്റെ അടിസ്ഥാനം. പുത്തന്‍ വിജയപ്രഭാതങ്ങള്‍ വരവേല്‍ക്കാന്‍ സമയമായെന്ന് തൃക്കാക്കര കേരളജനതയോട് വിളംബരം ചെയ്യുന്നു. ഉമാതോമസിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഉമാതോമസും മുഖ്യമന്ത്രിയുംതമ്മിലുള്ള പോരാട്ടമാണ് നടന്നത്. അതില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പരാജയപെട്ടിരിക്കുന്നു

എല്ലാത്തിനേക്കാള്‍ നീചമായത് അവിടെ പയറ്റിയ വര്‍ഗീയധ്രുവീകരണ ശ്രമമാണ്. ജനാധിപത്യത്തിന് ഒട്ടും ആശാസ്യമല്ലാത്ത വര്‍ഗീയ ധ്രുവീകരണതന്ത്രങ്ങളോടുള്ള പൗരപ്രതിഷേധം കൂടെയായിരുന്നു തിരഞ്ഞെടുപ്പില്‍ കേരളം കണ്ടത്. ഇലക്ഷന്‍ കാലത്തുമാത്രം ഉണരുന്ന പ്രത്യേകതരം സമുദായ സ്‌നേഹമുണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനും. കപടമായ ചില സ്‌നേഹപ്രകടനങ്ങള്‍. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള സമുദായത്തെ സന്തോഷിപ്പിക്കാനെന്ന വ്യാജേനെ എല്ലാ കുതന്ത്രങ്ങളും പുറത്തെടുക്കും. പതിറ്റാണ്ടുകളായി തുടരുന്ന കപടനാടകമാണിത്. അതിന്റെ സാമൂഹിക രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ ആസ്ഥാനങ്ങളിലും അരമനകളിലുംചെന്ന് അപക്വമായ രാഷ്ട്രീയ നാടകമാടും. സ്ഥാനാര്‍ഥിപ്രഖ്യാപനം മുതല്‍ ഇടതുപക്ഷം ഒളിഞ്ഞും തെളിഞ്ഞും പയറ്റിയ വര്‍ഗീയ അജണ്ടകള്‍ അവരുടെ അപചയത്തിന്റെ നിദര്‍ശനമാണ്. മുസ്്‌ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ മണ്ഡലമാണ് തൃക്കാക്കര. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ബോധവളര്‍ച്ചയെ സംബന്ധിച്ച് സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ യാതൊരു വെളിവുമില്ലെന്ന് വീണ്ടും വീണ്ടും അവര്‍ കേരള ജനതയെ ബോധ്യപെടുത്തുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനവേദിയില്‍ പുരോഹിതരെ സന്നിഹിതരാക്കി ഇടതുപക്ഷം കേരളജനതയോട് എന്താണ് പറയാന്‍ ശ്രമിച്ചത്?. ക്രൈസ്തവ സമൂഹത്തെപറ്റി സി.പി.എമ്മിന്റെയൊക്കെ ധാരണയെന്താണെന്ന് ഈ ചെയ്തിയിലുണ്ട്.