കോഴിക്കോട്: പെരിങ്ങൊളം റംല വധക്കേസില്‍ ഭര്‍ത്താവ് നാസറിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മാറാട് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി നാസര്‍ തടവ് ശിക്ഷയനുഭവിക്കണം.

2017 സെപ്റ്റംബര്‍ ഒന്നിന് രാത്രിയിലാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് നാസര്‍ ഭാര്യ റംലയെ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞെത്തിയ റംലയോട് പണവും മൊബൈല്‍ ഫോണും ആവശ്യപ്പെട്ട് തര്‍ക്കിച്ച നാസര്‍ ഒടുവില്‍ റംലയെ കുത്തിവീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് സമീപത്തുള്ളവര്‍ എത്തിയെങ്കിലും നാസര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു.

കൊലക്ക് ശേഷം രക്ഷപ്പെട്ട നാസറിനെ അഞ്ചാം ദിവസമാണ് കുന്ദമംഗലം പൊലീസ് കല്‍പകഞ്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നാസര്‍ ബീച്ചാശുപത്രിയില്‍ ചികില്‍സ തേടിയ ഒ.പി ടിക്കറ്റിലെ വിലാസം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.