കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സി.ബി.ഐയുടെ എഫ്.ഐ.ആര്‍. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കരാറില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ഫഌറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.

അടിയന്തരമായി ഹര്‍ജി നാളെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണത്തിനെതിരേ അപ്പീല്‍ പോവാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.