Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

By webdesk18

April 20, 2025

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.