ഭോപ്പാല്‍: ബിജെപി പ്രാദേശിക നേതാവും അഞ്ചംഗ സംഘവും ചേര്‍ന്ന് ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാണ് ഈ കൊടുംക്രൂരത.
മധ്യപ്രദേശിലെ ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് ഗുരുതര നിലയിലായ പെണ്‍കുട്ടിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ ബിജെപി നേതാവും സംഘവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സമീപത്തുള്ള കാട്ടില്‍ക്കൊണ്ടുപോയി ആറ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ 36 മണിക്കൂര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡിപ്പിക്കും മുമ്പ് അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ സംഘം കാട്ടിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
മുന്‍ വാര്‍ഡ് മെമ്പറായ ബിജെപി നേതാവിനെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനു പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു പ്രതികാരം ചെയ്തത്.
സംഭവത്തിനു ശേഷം വനത്തിലൂടെ 13 കിലോമീറ്റര്‍ ദൂരം നടന്ന് ബെയ്തുലിലെത്തിയ പെണ്‍കുട്ടി ഫോണില്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അംലയിലെ വനിതാ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും, തൊട്ടടുത്ത ആസാദ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു വനിതാ പൊലീസിന്റെ നിര്‍ദേശം. അവിടെ ചെന്നപ്പോള്‍ അംല പൊലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചയച്ചെന്നും പെണ്‍കുട്ടിയും ബന്ധുക്കളും പരാതിപ്പെടുന്നു.
പൊലീസ് സ്‌റ്റേഷനുകളില്‍ അലഞ്ഞ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് അന്വേഷണത്തിന് ഉത്തരവിട്ടു.