ടി.എം ഹമീദ്

ശബരിമല പ്രശ്‌നത്തിലൂടെ ഏറെ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ട്ടിച്ച ലോകസഭാ മണ്ഡലമാണ് പത്തനംതിട്ട. ചേരി തിരിഞ്ഞുള്ള പോര്‍വിളികളുടെയും സംഘര്‍ഷങ്ങളുടെയും നാളുകള്‍ കഴിഞ്ഞതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വീഥി ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെയും ബി ജെ പി, സംഘ് പരിവാര്‍ രാഷ്ട്രീയ കളികള്‍ക്ക് ഒടുവില്‍ ഇവിടെ നടക്കുന്ന തിരഞ്ഞെടുപ്പിന് അതീവ പ്രാധാന്യമാണ് മുന്നണികള്‍ കല്‍പ്പിക്കുന്നത്. യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ കടും പിടുത്തതിനും ബി ജെ പി സംഘര്‍ഷങ്ങള്‍ക്കും വിരുദ്ധമായി വിശ്വാസികള്‍ക്കൊപ്പം നിന്ന് യു ഡി എഫ് സമാധാനപരമായി നടത്തിയ സമരങ്ങളും തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. ഒപ്പം സര്‍ക്കാരിന്റെ നയ വൈകല്യം മൂലം ഡാമുകള്‍ തുറന്നു വിട്ട് പ്രളയത്തില്‍ തകര്‍ത്ത മലയോര ജില്ലയുടെ പുനരധിവാസവും വികസനവും ആറന്മുള വിമാനത്തവാള പ്രശ്‌നത്തില്‍ ബി ജെ പി യും സി പി എമ്മും ഒറ്റ കെട്ടായി നിന്ന് സമരത്തിലൂടെ പദ്ധതിയെ തകര്‍ത്തതും ചര്‍ച്ചയാണ്. 2009 ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിലാണ് പത്തനംതിട്ട പര്‍ലന്റെ് മണ്ഡലം രൂപീകൃതമായത്. ശക്തമായ വേരോട്ടം യു ഡി എഫിനുണ്ടായിരുന്ന മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പില്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആന്റോ ആന്റണി വിജയിച്ചത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ഡി സി സി പ്രസിഡന്റ് കൂടി ആയിരുന്ന ഫിലിപ്പോസ് തോമസിനെ സ്വതന്ത്ര വേഷത്തില്‍ ഇറക്കിയിട്ടു അരലക്ഷത്തില്‍ ഏറെ വോട്ടുകള്‍ക്ക് അടിയറവു പറയേണ്ട അവസ്ഥയാണ് ഇടതിന് ഉണ്ടായത്.
പത്തു വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ആന്റോ ആന്റണിയെ തന്നെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. എം പി എന്ന നിലയില്‍ പത്തു വര്‍ഷം ആന്റോ ആന്റണി നടത്തിയ വികസനപ്രവര്‍ത്തനങ്ങളും, അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളും യു ഡി എഫിനു വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം നില നിര്‍ത്താന്‍കഴിയുമെന്നു വിശ്വാസമാണ്.
യു ഡി എഫിന്റെ ശക്തി കേന്ദ്രമായിരുന്ന ആറന്മുളയില്‍ അട്ടിമറി വിജയം നേടിയ വീണ ജോര്‍ജ് എം.എല്‍.എയെ ആണ് എല്‍.ഡി .എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്.ഏറെ നാളത്തെ അനിശ്ചിതത്തിനൊടുവിലാണ് ബി ജെ പി ക്കു ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞത്. ശ്രീധരന്‍ പിള്ള ഉള്‍പ്പെടെ സംസ്ഥാന നേതാക്കളും, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സീറ്റിനു വേണ്ടി പിടിവലി കൂടിയെങ്കിലും ഒടുവില്‍ ആര്‍ എസ് എസ്സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കെ സുരേന്ദ്രനെ സ്ഥാനാര്‍ഥി ആക്കുകയായിരുന്നു. മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി ഏറെ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. 2016 ലെ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ അടൂര്‍, തിരുവല്ല, റാന്നി, ആറന്മുള എന്നിവിടങ്ങളിലെ വിജയം വഴി പാര്‍ലമെന്റ് മണ്ഡലത്തില്‍ ലഭിച്ച പതിനേഴായിരത്തി അറുനൂറ് വോട്ടിന്റെ ഭൂരി പക്ഷം നിലനിര്‍ത്തി മണ്ഡലം പിടിച്ചെടുക്കാമെന്ന വിശ്വാത്തിലാണ് എല്‍.ഡിഎഫ്. ശബരിമല പ്രശ്‌നം വോട്ടാക്കി മാറ്റി മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാമെന്ന് ബി ജെ പിയും കരുതുന്നു.
ജില്ലയിലെ അടൂര്‍, ആറന്മുള , റാന്നി, തിരുവല്ല, കോന്നി മണ്ഡലങ്ങള്‍ക്കു പുറമെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ അടക്കം ഏഴു മണ്ഡലങ്ങളാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ കാഞ്ഞിരപ്പള്ളിയിലും, കോന്നിയിലുമാണ് നിയമസഭയിലേക്ക് യു ഡി എഫ് വിജയിച്ചിട്ടുള്ളത്. പൂഞ്ഞാറില്‍ സ്വതന്ത്രനും മറ്റു നാലിടങ്ങളില്‍ എല്‍ ഡി എഫുമാണ്.