ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി


ഇന്ന് 7 സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേക്ക് മല്‍സരം നടക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം
നടക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും.

ഉത്തര്‍പ്രദേശ്
. അസംഗഢ്
ഗോദയില്‍: അഖിലേഷ് യാദവ് (എസ്പി), ദിനേശ് ലാല്‍ യാദവ് (ബിജെപി)
ആകര്‍ഷണീയത: സമാജ്‌വാദിപാര്‍ട്ടി തലവന്‍ മുലായംസിംഗിന്റെ മകനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മല്‍സരിക്കുന്ന മണ്ഡലം. ബിജെപി ഇന്നേവരെ മണ്ഡലത്തില്‍ വെന്നിക്കൊടി നാട്ടിയിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. കഴിഞ്ഞ തവണ എസ്പി തലവന്‍ മുലായം സിംഗ് 63,000 വോട്ടിന് ബിജെപിയുടെ രാംകാന്ത് യാദവിനെ പരാജയപ്പെടുത്തി. ബോജ്പുരി സിനിമാ നടന്‍ ദിനേശ് ലാല്‍ യാദവാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി.

. സുല്‍ത്താന്‍പൂര്‍
ഗോദയില്‍: മനേക ഗാന്ധി (ബിജെപി), സഞ്ജയ് സിംഗ് (കോണ്‍ഗ്രസ്), ചന്ദ്രഭദ്ര സിംഗ് (ബിഎസ്പി)
ആകര്‍ഷണീയത: കേന്ദ്ര മന്ത്രിയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരുമകളുമായ മേനകാ ഗാന്ധിയാണ് സുല്‍ത്താന്‍പൂരിനെ ശ്രദ്ധേയമാക്കുന്നത്. മകന്‍ വരുണ്‍ഗാന്ധിയാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ മല്‍സരിച്ചത്. 2009-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച സഞ്ജയ്‌സിംഗും ബിഎസ്പി-എസ്പിയുടെ സഖ്യസ്ഥാനാര്‍ഥിയും കൂടി മല്‍സര രംഗത്തിറങ്ങുമ്പോള്‍ ത്രികോണ മല്‍സരമാണ് നടക്കുക. 2014-ല്‍ വരുണ്‍ ഗാന്ധി 1,78,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

. അലഹബാദ്
ഗോദയില്‍: റീത ബഹുഗുണ ജോഷി (ബിജെപി), യോഗേശ് ശുക്ല (കോണ്‍ഗ്രസ്), രാജേന്ദ്ര സിംഗ് പട്ടേല്‍ (എസ്പി)
ആകര്‍ഷണീയത: മുന്‍പ്രധാനമന്ത്രിമാരായ ലാല്‍ബഹാദൂര്‍ ശാസ്ത്രി, വിപി സിംഗ്, ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്‍, മുന്‍ യുപി മുഖ്യമന്ത്രി എച്ച് എന്‍ ബഹുഗുണ തുടങ്ങി പ്രമുഖര്‍ പ്രതിനീധികരിച്ച മണ്ഡലമാണ് അലഹബാദ്. പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി മുന്‍ അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി എച്ച്എന്‍ ബഹുഗുണയുടെ മകളുമായ റിതാ ബഹുഗുണാ ജോഷിയാണ് ബിജെപി സ്ഥാനാര്‍ഥി. നിലവില്‍ യോഗി മന്ത്രി സഭയില്‍ അംഗമാണ് അവര്‍. സിറ്റിംഗ് ബിജെപി എംപി പാര്‍ട്ടി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എസ്പിയിലെ രമണ്‍സിംഗ് പട്ടേലിനെ 62,000 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി ശ്യാംചരണ്‍ ഗുപ്ത 2014-ല്‍ പരാജയപ്പെടുത്തിയത്.

പശ്ചിമബംഗാള്‍
. മെദിനിപൂര്‍
ഗോദയില്‍: ദിലീപ്‌ഘോഷ് (ബിജെപി), ശംഭുനാഥ് ചാറ്റര്‍ജി (കോണ്‍ഗ്രസ്), മാനസ് ഭുനിഅ (തൃണമുല്‍ കോണ്‍ഗ്രസ്), ബിപ്ലവ് ഭട്ട് (സിപിഐ)
ആകര്‍ഷണീയത: ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ്‌ഘോഷിന് മല്‍സരം ജീവന്‍ മരണപ്പോരാട്ടമാണ്. വംഗനാട്ടില്‍ ബിജെപി മുന്നേറ്റമുണ്ടന്ന് ബിജെപി കേന്ദ്ര നേതൃത്വം കരുതുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപി ബംഗാള്‍ ഘടകം മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നില്ല. സിപിഎം കേഡര്‍മാര്‍ തൃണമുലിനെതിരെ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. എംഎല്‍എ സ്ഥാനം രാജിവെച്ചാണ് ദിലീപ്‌ഘോഷ് മല്‍സരത്തിനിറങ്ങിയത്. എന്നാല്‍ ബിജെപി വെല്ലുവിളിയെ പ്രതിരോധിക്കാന്‍ തൃണമുല്‍ രംഗത്തിറക്കിയിരിക്കുന്നത് ആറുതവണ എംഎല്‍എയും പാര്‍ട്ടിയുടെ ജനകീയ നേതാവുമായ മാനസ് ഭുനിഅയെ ആണ്്. 2014-ല്‍ 1,86,666 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമുല്‍ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

ഡല്‍ഹി
. വടക്ക് കിഴക്കന്‍ ഡല്‍ഹി
ഗോദയില്‍: ഷീലദീക്ഷിത്ത് (കോണ്‍ഗ്രസ്), മനോജ് തിവാരി (ബിജെപി), ദിലീപ് പാണ്ഡെ (ആംആദ്മി)
ആകര്‍ഷണീയത: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുന്നവര്‍ തമ്മിലാണ് മണ്ഡലത്തില്‍ പ്രധാന പോരാട്ടം. മനോജ് തിവാരിയും ഷീലാദീക്ഷിത്തും നേരിട്ടേറ്റുമുട്ടുകയാണിവിടെ. മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച ഷീലദീക്ഷിത് 2013-ല്‍ ആംആദ്മി പാര്‍ട്ടിയോട് പരാജയപ്പെട്ടതിന് ശേഷം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ശക്തമായി തിരിച്ചുവരവിനൊരുങ്ങുന്നതിന്റെ സൂചനയാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അവരുടെ സ്ഥാനാര്‍ഥിത്വം. കെജ്രിവാളിനോടാണ് ഷീലദീക്ഷിത് ഡല്‍ഹി അസംബ്ലി തെരഞ്ഞടുപ്പില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടത്. പൂര്‍വ്വാന്ചലി വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ മനോജ് തിവാരിയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നതും ആ വോട്ട് ലക്ഷ്യം വെച്ചാണ്. ആംആദ്മിയുടെ ദലീപ് പാണ്ഡെയാണ് മറ്റൊരു പ്രധാനസ്ഥാനാര്‍ഥി.

. കിഴക്കന്‍ ഡല്‍ഹി
ഗോദയില്‍: ആതിഷി (ആംആദ്മി), ഗൗതം ഗംബീര്‍ (ബിജെപി), അരവിന്ദ് സിംഗ് ലവ്‌ലി (കോണ്‍ഗ്രസ്)
ആകര്‍ഷണീയത: ഒരു കാലത്ത് കോണ്‍ഗ്‌സ് ശക്തിദുര്‍ഗമായിരുന്ന മണ്ഡലം. മൂന്ന് സ്ഥാനാര്‍ഥികളും തങ്ങളുടെ കന്നിയങ്കത്തിനായാണിറങ്ങുന്നത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടെ ബുദ്ധി കേന്ദ്രമാണ് ആതിഷി. ക്രിക്കറ്ററെന്ന നിലയിലുള്ള സ്വീകര്യത വോട്ടാവുമെന്ന പ്രതീക്ഷയിലാണ് ഗൗതംഗംബീര്‍. കടുത്ത പ്രചാരണങ്ങള്‍ക്കാണ് കിഴക്കന്‍ ഡല്‍ഹി സാക്ഷ്യം വഹിച്ചത്. ആതിഷിക്കെതിരെ അശ്ലീല ചുവയുള്ള ലഘുലേഖകള്‍ പ്രചാരണം ചെയ്തതിനെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. 2014-ല്‍ ബിജെപി സ്ഥാനാര്‍ഥി മഹേഷ്ഗിരി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ രാജ്‌മോഹന്‍ ഗാന്ധിയെ 1,90,000 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

മധ്യപ്രദേശ്
. ഗുണ
ഗോദയില്‍: ജ്യോതിരാദിത്യ സിന്ധ്യ (കോണ്‍ഗ്രസ്), കെ.പി യാദവ് (ബിജെപി)
ആകര്‍ഷണീയത: കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ ഗുണ 2014-ലെ മോദി തരംഗത്തിലും പാര്‍ട്ടിയെ കൈവിടാത്ത ഹിന്ദി ഹൃദയഭൂമിയിലെ ചുരുക്കം ചില മണ്ഡലങ്ങളില്‍ ഒന്ന്. പഴയ ഗ്വാളിയോര്‍ രാജവംശം നിലനിന്നിരുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ രാജകുടുംബത്തിലെ ഇളംമുറതമ്പുരാന്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1,20000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി തരംഗത്തിലും ജ്യോതിരാദിത്യ സിന്ധ്യ എതിര്‍സ്ഥാനാര്‍ഥിയെ 2014-ല്‍ പരാജയപ്പെടുത്തിയത്.

. ഭോപ്പാല്‍
ഗോദയില്‍: ദ്വിഗ്‌വിജയ് സിംഗ് (കോണ്‍ഗ്രസ്), പ്രഗ്യാസിംഗ് ഠാക്കൂര്‍ (ബിജെപി)
ആകര്‍ഷണീയത: 2014ല്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ട മണ്ഡലം. 1989 മുതല്‍ ബിജെപിയെ കൈവിടാത്ത മണ്ഡലം. രാജ്യമാകെ ഉറ്റുനോക്കുന്നതെരഞ്ഞടുപ്പാണ് ഇക്കുറി ഭോപ്പാലില്‍ നടക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ദ്വിഗ് വിജയ് സിംഗിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് തീവ്രവാദ കേസില്‍ കുറ്റാരോപിതയായ പ്രഞ്ജാസിംഗ് ഠാക്കുറിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ ബോംബെ തീവ്രവാദ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹേമന്ത് കര്‍ക്കറെയെ അവമതിച്ച് പ്രഞ്ജാസിംഗ് ഠാക്കൂര്‍ പ്രസതാവനയിറക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ബീഹാര്‍
. സിവാന്‍
ഗോദയില്‍: ഹിന ഷഹാബ് (ആര്‍ജെഡി), കവിതാ കുമാരി (ജെഡിയു)
ആകര്‍ഷണീയത: ഗ്യാംങ് യുദ്ധങ്ങള്‍ക്ക് പേര് കേട്ട മണ്ഡലം. സിവാന്‍ മുന്‍ എംപിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യയാണ് ഹിന ഷഹാബ്. ഷഹാബുദ്ദീന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ശിക്ഷ വിധിച്ച ജഡ്ജി ഭയന്ന് സ്ഥലം മാറിപ്പോയത് വാര്‍ത്തയായിരുന്നു. ബോളിവുഡ് സിനിമകളിലെ ആക്ഷന്‍ ത്രില്ലറിലെന്ന പോലെ ഷഹാബുദ്ദീന്‍ ഗ്യാങ്ിന്റെ എതിര്‍ഗ്രൂപ്പിന്റെ തലവന്‍ അജയ്‌സിംഗിന്റെ ഭാര്യയാണ് ജെഡിയു ടിക്കറ്റില്‍ മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ ഹിന ഷഹാബ് ഒരു ലക്ഷ്ത്തിലധികം വോട്ടിനാണ് പരാജയപ്പെട്ടത്.

ഹരിയാന
. സോന്‍പത്ത്
ഗോദയില്‍: ഭൂപീന്ദര്‍ സിംഗ് ഹൂഡ (കോണ്‍ഗ്രസ്), രമേശ് ചന്ദ്ര കൗശിക് (ബിജെപി), ദ്വിഗ്‌വിജയ് സിംഗ് ചൗടാല (ജെജെപി), സുരേന്ദ്ര കുമാര്‍ ചിക്കിറ (ഐഎന്‍എല്‍ഡി)
ആകര്‍ഷണീയത: രണ്ട് തവണ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ജാട്ട് മുഖവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ ജനവിധി തേടുന്ന മണ്ഡലം. അഴിമതി കേസുകള്‍ നേരിടുന്ന അദ്ദേഹം രാഷ്ട്രീയമായുള്ള തിരിച്ചുവരവിന് കൂടിയാണ് ശ്രമിക്കുന്നത്. സിറ്റിംഗ് എംപിയാണ് ബിജെപി സ്ഥാനാര്‍ഥി. ബ്രാഹ്മിണ്‍ വിഭാഗക്കാരനാണ് ബിജെപി സ്ഥാനര്‍ഥി എന്നത് ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസിനനുകൂലമാവുമെന്നാണ് കണക്ക കൂട്ടപ്പെടുന്നത്. എന്നാല്‍ ജെജെപി, ഐഎന്‍എല്‍ഡി പാര്‍ട്ടികള്‍ ജാട്ട് വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ജാര്‍ഖണ്ഡ്
. ധന്‍ബാദ്
ഗോദയില്‍: കീര്‍ത്തി ആസാദ് (കോണ്‍ഗ്രസ്), പിഎന്‍ സിംഗ് (ബിജെപി)
ആകര്‍ഷണീയത: മുന്‍ ബിജെപി എംപിയും ക്രിക്കറ്ററുമായ കീര്‍ത്തി ആസാദാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ധന്‍ബാദില്‍ അവസാനമായി ജയിച്ചത് 2004-ലാണ്.