ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവിച്ച ജഡ്ജി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റിട്ടയേഡ് മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജി രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാവുമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ആര്‍.എസ്.എസ് നേതാവ് സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവിച്ച ശേഷം റെഡ്ഡി സ്ഥാനം രാജിവെച്ചിരുന്നു. സെപ്റ്റംബര്‍ 14ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോള്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മക്ക മസ്ജിദ് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. തെളിവില്ലെന്നും പ്രതികള്‍ക്കെതിരെ എന്‍.ഐ.എ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും നിരീക്ഷച്ചായിരുന്നു കോടതി വിധി.