ചെന്നൈ: ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) മദ്രാസ് കാമ്പസ് പ്ലേസ്‌മെന്റില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധന. മൂന്ന് ദിവസമായി നടന്ന അഭിമുഖത്തില്‍ 680 വിദ്യാര്‍ഥികള്‍ക്ക് ജോലിവാഗ്ദാനം ലഭിച്ചു. മുന്‍വര്‍ഷം 526 പേര്‍ക്കായിരുന്നു ജോലിവാഗ്ദാനം. ഇത്തവണ 136 പേര്‍ക്ക് പ്രീ പ്ലേസ്‌മെന്റ് ഓഫറും (പി.പി.ഒ.) ലഭിച്ചു. പി.പി.ഒ. ലഭിച്ചവര്‍ക്ക് കമ്പനികളില്‍ പരിശീലനത്തിന് ചേരാന്‍ സാധിക്കും. പരിശീലന കാലയളവില്‍ മികവുപ്രകടിപ്പിച്ചാല്‍ സ്ഥിരംനിയമനം ലഭിക്കും.

മൈക്രോസോഫ്റ്റ്, ഇന്റല്‍, സിറ്റി ബാങ്ക്, ജനറല്‍ ഇലക്ട്രിക്, ഫ്‌ളിപ്പ്കാര്‍ട്ട്, ജെ.പി.മോര്‍ഗന്‍, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, അമേരിക്കന്‍ എക്‌സ്പ്രസ് അടക്കം 133 കമ്പനികളാണ് പങ്കെടുത്തത്. ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് വിഭാഗത്തിലാണ് കൂടുതല്‍ ജോലിവാഗ്ദാനം ലഭിച്ചത്. ഐ.ടി. കമ്പനി മൈക്രോണ്‍ ടെക്‌നോളജിയാണ് കൂടുതല്‍ പേര്‍ക്ക് (26) ജോലിവാഗ്ദാനംചെയ്തത്. മൈക്രോസോഫ്റ്റില്‍ 25 വിദ്യാര്‍ഥികള്‍ക്ക് ജോലിവാഗ്ദാനം ലഭിച്ചു. 13 പേര്‍ക്ക് വിദേശത്ത് (യു.എസ്. ഏഴ്, സിങ്കപ്പൂര്‍ അഞ്ച്, ദുബായ് ഒന്ന്) നിയമന വാഗ്ദാനമുണ്ട്.