ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി ഏറെ പിന്നിലാണ്. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്.

മുംഗാവലിയില്‍ പതിനൊന്ന് റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിങ് യാദവിന് 5244 വോട്ടുകള്‍ ലഭിച്ചു. കോലാറസ് മണ്ഡലത്തില്‍ 3328 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ മഹേന്ദ്ര രാംസിങ് യാദവ് ലീഡ് ചെയ്യുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭാ മണ്ഡലമായ ഗുണയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുംഗാവലി നിയമസഭാ മണ്ഡലത്തില്‍ 77 ശതമാനവും കോലാറസില്‍ 70 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ലുധിയാന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു വിജയം. തെരഞ്ഞെടുപ്പ് നടന്ന 95 വാര്‍ഡുകളില്‍ 61 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകളാണ് നേടാനായത്.