കല്യാണി (ബംഗാള്‍): വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സര്‍വീസസിനോട് ഏറ്റുമുട്ടിയ എംഎസ് ധോണിയുടെ ജാര്‍ഖണ്ഡിന് വീണ്ടും ജയം. എന്നാല്‍ എംഎസ് ധോണി ഇത്തവണ ബാറ്റ് ചെയ്യാതെയായിരുന്നു ഈ വിജയം ജാര്‍ഖണ്ഡ് ടീം സ്വന്തമാക്കിയത്. സൗരഭ് തിവാരിയും (102) ഇഷാങ്ക് ജക്ഷിയുയും (116) പുറത്താകാതെ നേടിയ സെഞ്ചുറികളുടെ കരുത്തില്‍ അവര്‍ സര്‍വീസസിനെ ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് കുറിച്ച 277 എന്ന ലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡ് മറികടന്നു.നാലം വിക്കറ്റില്‍ തിവാരി-ജക്ഷി സഖ്യം 218റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒരു ഘട്ടത്തില്‍ അവര്‍ 17 ഓവറില്‍ മൂന്നുവിക്കറ്റിന് 65 എന്ന നിലയിലായിരുന്നു. അതേ സമയം ധോണിയുടെ കളി കാണാനെത്തിയവര്‍ക്ക് വളരെ നിരാശയുണ്ടാക്കുന്നതായിരുന്നു മത്സരം. സര്‍വീസസിന്റെ മോശം ഫീല്‍ഡിങ് കൂടിയായതോടെ ജാര്‍ഖണ്ഡിന് കൂടുതല്‍ വിക്കറ്റ് നഷ്ടമായില്ല. ഇതോടെ കാണികള്‍ ക്രുദ്ധരായി സൗരഭ് തിവാരിയേയും ജക്ഷിയേയും ചീത്തവിളിക്കാന്‍ പോലും മുതിര്‍ന്നു. തിവാരിയെ കാണികള്‍ കൂവി വിളിക്കുകയും ചെയ്തു. തങ്ങലുടെ പ്രിയതാരം മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ് നേരിട്ടു കാണാന്‍ സാധിക്കാത്തതായിരുന്നു കാണികളുടെ ദേഷ്യത്തിന് കാരണം. ജാര്‍ഖണ്ഡിന്റെ ആദ്യജയത്തില്‍ ധോണി സെഞ്ചുറി നേടിയിരുന്നു. കാണികളുടെ ദേഷ്യം മനസിലാക്കാവുന്നതേയുള്ളെന്ന് ഏറ്റവും കൂടുതല്‍ ചീത്തവിളി കേട്ട സൗരഭ് തിവാരി മല്‍സരശേഷം പ്രതികരിച്ചു. മഹി ഭായ് ബാറ്റു ചെയ്യുന്നത് അവര്‍ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹം ബാറ്റിങ്ങിന് ഇറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അവര്‍.ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ കാണികളുടെ വികാരം മനസിലാക്കി കളിക്കുകയായിരുന്നു തങ്ങളെന്നും തിവാരി പറഞ്ഞു. ക്ഷമയോടെ കളിച്ചാല്‍ റണ്‍സ് താനേ വരുമെന്നുള്ള’ ധോണിയുടെ ഉപദേശമാണ് തങ്ങളെ വിജയത്തിലേക്കു ബാറ്റേന്തിച്ചതെന്നും ജക്ഷിയും തിവാരിയും മല്‍സരശേഷംപറഞ്ഞു. അടുത്തത് ബാറ്റു ചെയ്യാന്‍ വരുന്നത് ധോണിയാണെന്ന ചിന്തയും സമ്മര്‍ദ്ദം കൂടാതെ കളിക്കാന്‍ തങ്ങള്‍ക്ക് സഹായകരമായെന്ന് ഇരുവരും വ്യക്തമാക്കി.