മലപ്പുറം: മലപ്പുറം തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചു. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. ഇന്നലെയും ഇന്നുമായാണ് നാല് പേരും മരിച്ചതെന്ന് വൃദ്ധസദനം ജീവനക്കാര്‍ അറിയിച്ചു. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമാണ് മരിച്ചത്.

അതേസമയം, മരണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മൃതദേഹങ്ങള്‍ തടഞ്ഞുവെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.

ഇന്നലെയാണ് മറവഞ്ചേരി സ്വദേശി ശ്രീദേവി മരിച്ചത്. ഇന്നലെത്തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇന്നു രാവിലെയാണ് മറ്റു മൂന്നുപേര്‍ കൂടി മരിച്ച വിവരം പുറത്തറിയുന്നത്. ഒരാള്‍ ആസ്പത്രിയിലും മറ്റു രണ്ടുപേര്‍ വൃദ്ധമന്ദിരത്തിലുമാണ് മരിച്ചത്. വൃദ്ധമന്ദിരത്തില്‍ മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെ സ്വാഭാവിക മരണം എന്നു രേഖപ്പെടുത്തിയ മരണങ്ങളും അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.