മുംബൈ: കര്‍ഷക സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഫെയ്‌സ്ബുക്ക് പേജില്‍ രൂക്ഷ വിമര്‍ശനവുമായി മലയാളികള്‍. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര സെലബ്രിറ്റികള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തത്.

സപ്പോര്‍ട്ട് ഫാര്‍മേര്‍സ്, ഷെയിം ഓണ്‍ യു സച്ചിന്‍ തുടങ്ങിയ ഹാഷ് ടാഗുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സച്ചിന്റെ പുതിയ നിലപാടിനെ പരിഹസിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംഗന്‍ബര്‍ഗ് തുടങ്ങിയവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. ഇവരുടെ ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിനെ പരോക്ഷമായി പിന്തുണച്ച് സച്ചിന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത്.