അമൃത്സര്‍: ബിജെപി നേതാക്കള്‍ ഒത്തുചേര്‍ന്ന ഹോട്ടല്‍ കര്‍ഷകര്‍ വളഞ്ഞതിനെ തുടര്‍ന്ന് നേതാക്കള്‍ പിന്‍വാതില്‍ വഴി പൊലീസ് സംരക്ഷണത്തില്‍ രക്ഷപ്പെട്ടു. പഞ്ചാബിലെ ഭഗ്‌വാരയില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയുടെ ജന്‍മദിനാഘോഷങ്ങള്‍ക്ക് ഒത്തുചേര്‍ന്ന ബിജെപി നേതാക്കളാണ് കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞത്. ബിജെപി ജില്ലാ, ബ്ലോക്ക് പ്രസിഡന്റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്, മുന്‍ മേയര്‍ അരുണ്‍ ഖോസ് ല തുടങ്ങിയവരാണ് ഹോട്ടലില്‍ കുടങ്ങിയത്.

ബിജെപി നേതാക്കള്‍ ഒത്തുചേരുന്നത് അറിഞ്ഞാണ് ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉപരോധിച്ചത്. കര്‍ഷകര്‍ക്കെതിരെ ഗൂഢാലോചന നടത്താനാണ് ബിജെപി നേതാക്കള്‍ ഒത്തുകൂടിയത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

കന്നുകാലി, കോഴി തീറ്റകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയും ബിജെപി പ്രവര്‍ത്തകനുമായ ആളുടേതായിരുന്നു ഹോട്ടല്‍. ഹോട്ടല്‍ ഉടമ ബിജെപിക്കാരനാണെന്നും ഇയാളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.