ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് ദേശീയ നേതാക്കളും എം.പിമാരും കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, കെ.നവാസ് ഗനി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ഡല്‍ഹി കെ.എം.സി.സി നേതാക്കള്‍ എന്നിവരാണ് സമരത്തില്‍ സംബന്ധിച്ചത്.

നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് മുസ്ലിംലീഗ് നേതാക്കള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കര്‍ഷക പ്രശ്നം പലതവണ പാര്‍ലമെന്റില്‍ ഉന്നയിച്ച ശേഷമാണ് നേതാക്കള്‍ സമര രംഗത്ത് നേരിട്ടെത്തിയത്. പലയിടത്തും പോലീസ് മുസ്ലിംലീഗ് നേതാക്കളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കര്‍ഷകരെ അഭിവാദ്യം ചെയ്യാതെ മടങ്ങില്ലെന്ന് ശഠിച്ചതോടെ അനുവാദം നല്‍കുകയായിരുന്നു.

കര്‍ഷക സമരം നാടിന്റെ പോരാട്ടമാണെന്നും ലാത്തികള്‍ കൊണ്ടോ തോക്കുകള്‍ കൊണ്ടോ അടിച്ചമര്‍ത്താനാവില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഈ പ്രക്ഷോഭത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണ നല്‍കേണ്ടതുണ്ടെന്നും അന്നമൂട്ടുന്ന കര്‍ഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള്‍ മോദി സര്‍ക്കാര്‍ എത്രത്തോളം കര്‍ഷകരെ ഭയപ്പെടുന്നു എന്നതിന് തെളിവാണെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ഓരോ രാജ്യസ്നേഹികളും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.