കൊല്‍ക്കത്ത: കര്‍ണാടകയില്‍ നടത്തിയ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വലിയ വിജയം ദുരൂഹമാണെ ന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. അവര്‍ നിങ്ങളെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കും. കാരണം അവര്‍ വിശ്വസിക്കുന്നത് അതിലാണ്. എല്ലാവരോടും ഒരു കാര്യമേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ ഒരു പ്രതിജ്ഞയെടുക്കണം. നമ്മള്‍ ആരുടെ പക്കല്‍ നിന്നും പണം സ്വീകരിക്കില്ല, കുതിരക്കച്ചവടത്തെ നമ്മള്‍ എതിര്‍ക്കും. ഇത് നമ്മള്‍ അവസാനിപ്പിച്ചിരിക്കും. ഈ പ്രതിജ്ഞയായിരിക്കണം ഓരോരുത്തരും മുറുകെ പിടിക്കേണ്ടത് – മമത പറഞ്ഞു.
ഹിന്ദുക്കളും മുസ്‌ലിംകളും ഞങ്ങളില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ നമ്മള്‍ യാതൊരു വിധ കലാപങ്ങളും ഇവിടെ ഉണ്ടാക്കരുത്. എല്ലാം മറക്കണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ സാധിക്കണം. ക്രിസ്തുമത, ബുദ്ധമത വിശ്വാസികളേ. ആരും ഭയപ്പെടേണ്ടതില്ല നിങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്, സര്‍ക്കാരുണ്ട്- മമത പറഞ്ഞു. ലോകത്തെമ്പാടുമുള്ള നിരവധിയാളുകള്‍ തന്നെ വിളിക്കുന്നുണ്ട്. അവര്‍ക്ക് ബംഗാളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹമുണ്ട്. നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇവിടെ കൊണ്ടുവരണം. സംസ്ഥാനത്തെ മികച്ച ഒരു പരിസ്ഥിതിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പരിഷ്‌കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുന്നത് തടയണം. ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നും മമത ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണമെന്ന് 1995 മുതല്‍ താന്‍ ആവശ്യം ഉന്നയിക്കുന്നതാണ്. തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും തെരഞ്ഞെടുപ്പ് പരിഷ്‌കരണം അത്യാവശ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ഒഴുക്കുന്നുവെന്നും കൊല്‍ക്കത്തയിലെ റാലിക്ക് മുന്നോടിയായി അവര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം, സി.ആര്‍.പി.എഫ്, കേന്ദ്ര പൊലീസ്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയെ സ്വാധീനിച്ചാണ് ബി.ജെ.പി ജയിച്ചതെന്നും മമത ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ അതിക്രമിച്ച് കൈക്കലാക്കുകയാണ്. ബിജെപിയുടെ കള്ളപ്പണ രാഷ്ട്രീയത്തിനെതിരെ 26ന് പ്രകടനം നടത്തുമെന്നും മമതാ ബാനര്‍ജി അറിയിച്ചു.