കൊച്ചി : മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ‘കാളങ്കാവല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവംബര്‍ 27ന് ആഗോള റിലീസിനൊരുങ്ങുന്ന ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ പ്രൊഡക്ഷനാണ്. ചിത്രത്തിന്റെ കേരള വിതരണമാണ് വേഫെറര്‍ ഫിലിംസ്.ജി. ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന ‘കളങ്കാവല്‍’, ശക്തമായ ക്രൈം ഡ്രാമയെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഒറ്റ ഷോട്ടില്‍ മാത്രം അവതരിപ്പിച്ചിട്ടും, മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വലിയ കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിനായകന്റെ ശക്തമായ പ്രകടനവും ട്രെയ്‌ലറിന്റെ ഹൈലൈറ്റുകളിലൊന്നാണ്. മൂജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, ഫൈസല്‍ അലി പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നിവ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ‘നിലാ കായും’ എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘കുറുപ്പ്’ന്റെ കഥയെഴുതി ശ്രദ്ധിക്കപ്പെട്ട ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാന ശ്രമമാണിത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം യു/എ 16+ സര്‍ട്ടിഫിക്കറ്റ് നേടി.മമ്മൂട്ടിയുടെ പുതിയ അവതരണവും ശക്തമായ കഥയും പ്രതീക്ഷ ഉയര്‍ത്തിയിരിക്കുമ്പോള്‍, ‘കളങ്കാവല്‍’ തീയേറ്റര്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.