കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ മാമുക്കോയ. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് മാമുക്കോയ പ്രതികരിച്ചു. ‘തെറ്റ് ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷ അനുഭവിക്കും. അതിനുള്ള ശിക്ഷ എന്നായാലും ലഭിക്കും. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ. ദിലീപിന്റെ വാര്‍ത്ത അറിയാന്‍ വേണ്ടി ഞാന്‍ ടി.വി വെക്കാറില്ല. വിവാദങ്ങളൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് പുതിയ വാര്‍ത്ത ലഭിക്കുമ്പോള്‍ അവര്‍ അതിനു പിന്നാലെ പോകും. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാ വാര്‍ത്തകള്‍ക്കും അത്ര മാത്രമേ പ്രാധാന്യമുണ്ടാവുകയുള്ളൂ. എല്ലാ മേഖലയിലും കള്ളന്മാരുണ്ട്. രാഷ്ട്രീയത്തിലും പ്രശ്‌നങ്ങള്‍ ഇല്ലേ? എന്നാല്‍ എല്ലാ രാഷ്ട്രീയക്കാരെയും അങ്ങനെ കരുതാന്‍ കഴിയുമോ? സിനിമ കലയായതിനാല്‍ ആ മേഖലയിലെ കഥ അറിയാന്‍ ഏവര്‍ക്കും കൂടുതല്‍ താല്‍പര്യമുണ്ട്. സഹപ്രവര്‍ത്തകരായ സ്ത്രീകളെ അമ്മയായും പെങ്ങളായും മക്കളായും കാണാനുള്ള പക്വതയൊക്കെ എല്ലാവര്‍ക്കുമുണ്ട്. ചില സംഭവങ്ങള്‍ മാത്രം അതില്‍ ഒറ്റപ്പെട്ടതാണ്.’ മാമുക്കോയ പറഞ്ഞു.