തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയോട് ഫോണിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശക്തമായ കടലാക്രമണംമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാകാത്ത അവസ്ഥയാണുള്ളത്.

ഇവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ ഉടന്‍ അനുവദിക്കണം. ഇതൊടൊപ്പം കാലവര്‍ഷക്കെടുതിയില്‍ വീടുകളും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതിമൂലം പകര്‍ച്ച വ്യാധികള്‍ വ്യാപകമായി പടരുകയാണ്. ഇവ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.