ബീജിങ്: യൂറോപ്യന്‍ സഞ്ചാരിയും പര്യവേഷകനുമായ മാര്‍ക്കോ പോളോ എത്തുന്നതിന് 1500 വര്‍ഷം മുമ്പ് തന്നെ ചൈനയും പാശ്ചാത്യ ലോകവും തമ്മില്‍ ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നായി പഠനറിപ്പോര്‍ട്ട്. ഇന്നത്തെ സിയാനിന് സമീപം ആദ്യ ചൈനീസ് ചക്രവര്‍ത്തിയുടെ ശവകുടീരത്തില്‍ കണ്ട ടെറാകോട്ട സൈനിക പ്രതിമകള്‍ പൗരാണിക ഗ്രീസില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതാണെന്ന് കരുതുന്നു. ബി.സി മൂന്നാം നൂറ്റാണ്ടില്‍ ചൈനീസ് ശില്‍പിക്കള്‍ക്ക് ഗ്രീക്കുകാര്‍ പരിശീലനം നല്‍കിയിരന്നതായും പുരാവസ്തു ഗവേഷകര്‍ പറയുന്നു.

ചൈനയിലെത്തിയ ആദ്യ യൂറോപ്യന്‍ മാര്‍ക്കോ പോളോ ആണെന്നാണ് കരുതപ്പെട്ടിരുന്നത്. 13-ാം നൂറ്റാണ്ടിലായിരുന്നു മാര്‍ക്കോ പോളോയുടെ ചൈനീസ് യാത്ര. സില്‍ക്ക് റൂട്ട് തുറക്കുന്നതിനുമുമ്പ് തന്നെ ചൈനയും പടിഞ്ഞാറും ബന്ധം തുടങ്ങിയിരുന്നുവെന്നതിന് തെളിവു ലഭിച്ചതായി പ്രമുഖ ചൈനീസ് പുരാവസ്തു ഗവേഷകന്‍ ലി സ്യൂസെന്‍ പറഞ്ഞു. ആദ്യ ചൈനീസ് ചക്രവര്‍ത്തിയുടെ കാലത്തോ അതിനു മുമ്പോ ചൈനയില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത യൂറോപ്യന്‍മാരുടെ ഡി.എന്‍.എ സാമ്പിളുകള്‍ കിട്ടിയതായി മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങിന്റെ ശവകുടീരത്തില്‍നിന്ന് ഒരു മൈല്‍ അകലെ 1974ല്‍ ചൈനീസ് കര്‍ഷകരാണ് ടെറാകോട്ട പ്രതിമകള്‍ കണ്ടെത്തിയത്. ശവകുടീരം പണിയുന്നതിനു മുമ്പ് ചൈനയില്‍ മനുഷ്യ പ്രതിമകള്‍ നിര്‍മിക്കുന്ന പതിവുണ്ടായിരുന്നില്ല.