ഗിരിധി (ജാര്‍ഖണ്ഡ്): മസ്ജിദുകള്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ കെ.എം.സി.സിയും, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നിര്‍മ്മിച്ച് നല്‍കുന്ന അല്‍ അസ്ഹര്‍ മസ്ജിദിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മസ്ജിദുകള്‍ വിജ്ഞാന കേന്ദ്രങ്ങളായി ഉയരേണ്ടതുണ്ട്. മത, ഭൗതിക വിദ്യാഭ്യാസ പുരോഗതിയുടെ ചാലക ശക്തികളാക്കി മസ്ജിദുകളെ പരിവര്‍ത്തിച്ചു കൊണ്ടു മാത്രമേ ഉത്തരേന്ത്യയിലെ മുസ്്‌ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനാവൂ. മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ജാര്‍ഖണ്ഡ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാജിത് അലി, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഫ്തി സയ്യിദ് ആലം, ജാര്‍ഖണ്ഡ് സംസ്ഥാന കണ്‍വീനര്‍ ഇര്‍ഫാന്‍ ഖാന്‍, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, ദുബായ് കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ നഹ, സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, മുസ്്‌ലിം ലീഗ് ഗിരിധി ജില്ലാ പ്രസിഡണ്ട് നിന്നര്‍ അന്‍സാരി പങ്കെടുത്തു.
മസ്ജിദിനോടനുബന്ധിച്ച് വിദ്യഭ്യാസ-തൊഴില്‍ പരിശീലന കേന്ദ്രവും നിര്‍മ്മിക്കും. എല്ലാ മതവിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുക. പ്രദേശത്ത് താമസിക്കുന്ന നൂറ് കണക്കിന് മുസ്്‌ലിം-ആദിവാസി വിഭാഗത്തില്‍ പെട്ട പാവപ്പെട്ടവര്‍ക്ക് വിദ്യഭ്യാസ തൊഴില്‍ പരിശീലന കേന്ദ്രം ആശ്രയമാകും.