മുംബൈ: നടി കങ്കണ റണാവട്ടിനെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഒഡിഷയിലെ അഭിഭാഷകനെതിരെ വ്യാപക രോഷം. നവരാത്രിയില്‍ താരം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് അഭിഭാഷകന്‍ ഭീഷണി അയച്ചത്. നവരാത്രിയില്‍ മുംബൈയില്‍ തനിക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ പോസ്റ്റ്.

എന്നാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ് എന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു. ഒരു സമുദായത്തിലെയും സ്ത്രീകള്‍ക്കു നേരെ ഇത്തരം വാക്കുകള്‍ ഉപയോഗിക്കില്ല. താന്‍ തന്നെ ഞെട്ടിപ്പോയി. അതില്‍ മാപ്പു പറയുന്നു. തന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ വന്ന കമന്റ് ഇയാള്‍ നീക്കം ചെയ്യുകയും ചെയ്തു.

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാറിനുമെതിരെ നിലപാടെടുത്ത നടിയാണ് കങ്കണ. ബിജെപിയുമായി ചേര്‍ന്നു നില്‍ക്കുന്ന അവര്‍ ഈയിടെ ബോളിവുഡിനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈയിടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രതികരണം നടത്തിയെന്ന ആരോപണത്തില്‍ ഇവര്‍ക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.