മുംബൈ: രാജ്യദ്രോഹക്കേസില്‍ ബോളിവുഡ് താരം കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചണ്ഡേലിനും മുംബൈ പോലീസ് സമന്‍സയച്ച് അയച്ചു. ഈ മാസം 26, 27 തീയതികളില്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമന്‍സിലുള്ളത്. എഎന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സോഷ്യല്‍മീഡിയയിലൂടേയും മറ്റും ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും താരങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിഭജനമുണ്ടാക്കാനും നടി കങ്കണ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ മുബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ശേഷം കോടതി ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില ട്വീറ്റുകളുടെ പേരില്‍ നടിയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ മുമ്പ് ഇടഞ്ഞിരുന്നു. ഇതിനിടെ നടിയുടെ മുംബൈയിലെ ഓഫീസ് മുംബൈ കോര്‍പറേഷന്‍ പൊളിക്കുകയുണ്ടായി. മുംബൈ നഗരസഭക്കെതിരേ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടും കങ്കണ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം മുംബൈ വിട്ട് കങ്കണ ജന്മദേശമായ മണാലിയിലേക്ക് മാറിയിരുന്നു. കങ്കണയെ മുന്‍നിര്‍ത്തി ബിജെപിയാണ് എല്ലാ കരുക്കളും നീക്കുന്നതെന്നാണ് ശിവസേനയുടെ വാദം.