ന്യൂഡല്‍ഹി: ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ നിലപാടെടുത്ത ഡോക്ടറെ പുറത്താക്കിയ നടപടി വിവാദത്തില്‍. നടപടിക്കെതിരെ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗതത്തെത്തി. ഡോക്ടര്‍മാരെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാണ് ആവശ്യം.

പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലീഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അസീമടക്കം രണ്ടുപേരെ പുറത്താക്കിയ നടപടി ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ആശുപത്രിയുടെ ചുമതലുള്ള അലീഗഢ് മുസ്‌ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.

ഒക്‌ടോബര്‍ 16നാണ് ഡോ. അസീം ആദ്യ പ്രതികാര നടപടിക്ക് ഇരയാകുന്നത്. ചീഫ് മെഡിക്കല്‍ ഓഫിസര്‍ പദവിയില്‍നിന്നും മാറ്റി. ഇതിനുപിന്നാലെ ഒക്‌ടോബര്‍ 20 മുതല്‍ ആശുപത്രിയിലെ കരാര്‍ അവസാനിച്ചതായുള്ള നോട്ടീസ് ഡോ. അസീമിനും സഹപ്രവര്‍ത്തകനായ ഡോ. ഉബൈദ് ഇംതിയാസിനും നല്‍കുകയായിരുന്നു. ഹാഥറസ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്കെതിരെ അധികൃതര്‍ നടപടി എടുത്തിരിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ പുറത്താക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്ന് അലീഗഢ് മെഡിക്കല്‍ കോളജ് റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയഷന്‍ പ്രസിഡന്റ് മുഹമ്മദ് ഹംസ മാലിഖ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഖാശിഫ് എന്നിവര്‍ വ്യക്തമാക്കി.

കഴുത്തിനേറ്റ പരിക്കുമൂലമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നും മൃതദേഹത്തില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്നും വരുത്തിതീര്‍ക്കാനുള്ള പൊലീസ് ശ്രമമാണ് ഡോ. അസീം വെളിച്ചത്തുകൊണ്ടുവന്നത്.