ഹാത്രസ്: ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് സിബിഐ കുറ്റപത്രം. കുറ്റപത്രം ഹാത്രസിലെ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം സിബിഐ കുറ്റം ചുമത്തിയിട്ടുമുണ്ട്.

അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സിബിഐയുടെ ആവശ്യത്തെത്തുടര്‍ന്ന് ഹാത്രസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റിവെച്ചിരുന്നു. ഡിസംബര്‍ പത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് നവംബര്‍ 25-ന് സിബഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 14-നാണ് ഉത്തര്‍പ്രദേശ് ഹാത്രസിലെ ഇരുപതുകാരിയായ ദളിത് പെണ്‍കുട്ടിയെ ഠാക്കൂര്‍ സമുദായത്തിലെ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് നാവറുത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. അര്‍ധരാത്രി കുടുംബത്തെ കാണിക്കാതെ മൃതദേഹം കത്തിച്ചുകളഞ്ഞ യോഗി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ആരെയും അനുവദിക്കാതിരുന്നതും രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.