ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ പരസ്യമായി എതിര്‍ത്ത ഡോക്ടര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അസീം മാലിക്കിനെതിരെയാണ് വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും പുറത്താക്കി.

ഡോ. അസീം മാലിക്കിന് പുറമെ മറ്റൊരു ഡോക്ടര്‍ ഒബയ്ദ് ഹക്കിനും സമാനമായ കത്ത് ആശുപത്രി നല്‍കിയിട്ടുണ്ട്. ഡോ. ഹക്ക് പെണ്‍കുട്ടിയുടെ വൈദ്യശാസ്ത്രനിയമ കേസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് 11 ദിവസത്തിന് ശേഷമാണ് ഫോറന്‍സിക് പരിശോധനയ്ക്കായുള്ള സാമ്പിളുകള്‍ ശേഖരിച്ചതെന്ന് ഡോ. മാലിക് പറഞ്ഞു. സംഭവത്തില്‍ 96 മണിക്കൂര്‍ വരെ മാത്രമേ ഫോറന്‍സിക് തെളിവുകള്‍ കണ്ടെത്താന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പറയുന്നു. ഈ സംഭവത്തില്‍ ബലാത്സംഗം സ്ഥിരീകരിക്കാന്‍ ഈ റിപ്പോര്‍ട്ടിന് കഴിയില്ല.

ചൊവ്വാഴ്ച രാവിലെ ഡോ. മാലിക്കും ഡോ. ഹക്കും സിഎംഒ ചുമതലയുള്ള ഡോ. എസ്എഎച്ച് സൈദി ഒപ്പിട്ട കത്തുകള്‍ ലഭിച്ചു.
എഎംയു അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍, ‘ഹാത്രസ് സംഭവവുമായി ബന്ധപ്പെട്ട ഒരു ഡോക്ടറെയും അഡ്മിനിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. നിലവിലുള്ള സിഎംഒമാര്‍ അവധി എടുത്തതിനാല്‍ രണ്ട് മാസം മുമ്പ് ഒഴിവുകള്‍ ഉണ്ടായിരുന്നു. അവരില്‍ കുറച്ചുപേര്‍ക്ക് കോവിഡ് ബാധിച്ചു. അടിയന്തരാവസ്ഥയുണ്ടായി. ഡോ. മാലിക്, ഡോ. ഹക്ക് എന്നീ രണ്ട് ഡോക്ടര്‍മാരെ നിയമിച്ചത് ‘അവധി ഒഴിവുകള്‍’ നികത്താനാണ്. ഇപ്പോള്‍ സിഎംഒമാര്‍ തിരിച്ചെത്തിയതിനാല്‍ അവധി ഒഴിവുകളില്ല, അതിനാല്‍ അവരുടെ സേവനങ്ങള്‍ ആവശ്യമില്ല,’ എന്നായിരുന്നു പ്രതികരണം.

അതേസമയം, ഡോക്ടര്‍മാരെ ആശുപത്രിയിലെ മറ്റെവിടെയെങ്കിലും അവരെ നിയമിക്കാമെന്ന് വൈകുന്നേരം അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16 ന് ഡോ. അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു.