Connect with us

Culture

മാഡ്രിഡ് റിപീറ്റ്: ചാമ്പ്യന്‍സ് ലീഗ്; അത്‌ലറ്റികോ-റയല്‍ മാഡ്രിഡ് സെമി രണ്ടാം പാദം ഇന്ന്‌

Published

on

മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണാബുവില്‍ നിന്ന് വിസന്റെ കാല്‍ഡറോണിലേക്ക് 11 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പക്ഷേ, ബെര്‍ണാബുവില്‍ വെച്ച് കഴിഞ്ഞയാഴ്ച ഏറ്റ തോല്‍വിയില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള അത്‌ലറ്റികോ മാഡ്രിഡിന്റെ സ്വപ്‌നങ്ങളുടെ വഴിദൂരം കല്ലും മുള്ളും നിറഞ്ഞതാണ്. മൂന്നും അതിലധികവും ഗോളുകള്‍ക്ക് ആദ്യപാദം തോറ്റ ടീമുകള്‍ രണ്ടാം പാദത്തില്‍ ശക്തമായി തിരിച്ചുവന്ന ചരിത്രം ചാമ്പ്യന്‍സ് ലീഗിനുണ്ടെങ്കിലും ഇന്ന് വിസന്റെ കാല്‍ഡറോണില്‍ അത് ആവര്‍ത്തിക്കുമെന്ന് അധികമാരും കരുതുന്നുണ്ടാവില്ല. എങ്കിലും, മാര്‍ച്ച് എട്ടിന് നൗകാംപിലെ ബാര്‍സലോണ – പി.എസ്.ജി മത്സരത്തില്‍ സംഭവിച്ചതിന്റെ സമാനമായ ഒന്ന് കാല്‍ഡറോണിലും ആവര്‍ത്തിക്കുമെന്ന് അത്‌ലറ്റികോ ആരാധകര്‍ വെറുതെയെങ്കിലും കൊതിക്കുന്നുണ്ടാവും.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്കുമായി തകര്‍ത്തുവാരിയ കഴിഞ്ഞ ചൊവ്വാഴ്ചത്തെ മത്സരത്തിന് അന്തിമ വിസില്‍ മുഴങ്ങുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് കളിക്കാരുടെ ശരീരഭാഷയില്‍ നിന്നു തന്നെ 2016-17 സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ വിധിയെന്താണെന്ന് വ്യക്തമായിരുന്നു. പക്ഷേ, തോല്‍വിയിലും തലകുനിക്കാന്‍ മടിച്ചു നിന്ന കോച്ച് സിമിയോണി പറഞ്ഞത് ഇപ്രകാരമാണ്: ‘ആദ്യപാദം മാത്രമാണ് കഴിഞ്ഞത്. ഇനി ഒരു മത്സരം ഞങ്ങളുടെ ഗ്രൗണ്ടില്‍ കഴിയാനുണ്ട്. പ്രതീക്ഷകള്‍ എത്ര വിദൂരമാണെങ്കിലും അത് കൈവരിക്കാന്‍ വേണ്ടി ഞങ്ങള്‍ അങ്ങേയറ്റം പോരാടും…’ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ലാലിഗയിലെ കരുത്തുറ്റ ടീമായി അത്‌ലറ്റികോയെ മാറ്റിയ സിമിയോണി എന്ന കോച്ചിനെ വിശ്വസിക്കാമെങ്കില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.15-ന് ആദ്യവിസില്‍ മുഴങ്ങുന്നതോടെ രോമാഞ്ചമുണര്‍ത്തുന്ന പോരാട്ടത്തിനാവും മാഡ്രിഡ് സാക്ഷ്യം വഹിക്കുക.

ആദ്യപാദത്തിലെ 3-0 എന്ന ഗോള്‍നില മാത്രമല്ല, ചരിത്രവും കണക്കുകളുമെല്ലാം അത്‌ലറ്റികോ മാഡ്രിഡിന് എതിരാണ്. ആദ്യപാദത്തില്‍ ഒരേയൊരു തവണ മാത്രമാണ് അവര്‍ക്ക് ഗോള്‍ ലക്ഷ്യമാക്കി ഷോട്ട് തൊടുക്കാനായത്; സിമിയോണിക്കു കീഴിലെ ഏറ്റവും മോശം ചാമ്പ്യന്‍സ് ലീഗ് പ്രകടനം. തുടര്‍ച്ചയായി ഇത് നാലാം സീസണിലാണ് മാഡ്രിഡ് ടീമുകള്‍ തമ്മില്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഏറ്റുമുട്ടുന്നത് ഒരിക്കല്‍പോലും അത്‌ലറ്റികോയ്ക്ക് ജയിക്കാനായിട്ടില്ല. നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ചു ജയങ്ങള്‍ നേടിയ റയലിന്റേത് അവരുടെ ദൈര്‍ഘ്യമേറിയ കുതിപ്പാണ്. യുവന്റസിനെ കൂടാതെ, ടൂര്‍ണമെന്റില്‍ ഇത്തവണ തോല്‍വിയറിയാത്ത ഏക ടീം റയല്‍ ആണ്.

ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ 11 മത്സരങ്ങളിലും സിദാന്റെ ടീം കുറഞ്ഞത് രണ്ട് ഗോളെങ്കിലും നേടിയിട്ടുണ്ട്. എങ്കിലും അവര്‍ ഗോള്‍ വഴങ്ങാതിരുന്നത് കഴിഞ്ഞയാഴ്ച അത്‌ലറ്റികോക്കെതിരെ മാത്രമാണ്. സിമിയോണിയുടെ ടീമാണെങ്കില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കുറച്ച് ഗോളടിച്ചവരും. റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അത്‌ലറ്റികോ മാഡ്രിഡ് ടീമിനേക്കാളധികം ഗോളുകള്‍ (103) നേടിയിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ നിറം മങ്ങിയ പോര്‍ച്ചുഗീസ് താരം ക്വാര്‍ട്ടര്‍ മുതല്‍ മിന്നും ഫോമിലാണ്. മൂന്ന് മത്സരങ്ങളില്‍ റയല്‍ നേടിയ ഒമ്പത് ഗോളുകളില്‍ എട്ടും റോണോയുടെ വകയായിരുന്നു. ഫ്രഞ്ച് താരം ആന്റോയ്ന്‍ ഗ്രീസ്മന്‍ ആണ് അത്‌ലറ്റികോ ആക്രമണത്തിന്റെ തുരുപ്പുചീട്ട്. കഴിഞ്ഞ സീസണ്‍ മുതല്‍ അവരുടെ ഗോളുകളില്‍ 50 ശതമാനത്തിലും പങ്കുവഹിച്ച ഗ്രീസ്മന് പക്ഷേ, ബര്‍ണേബുവില്‍ ഒരുതവണയെങ്കിലും ഷോട്ടുതിര്‍ക്കാനോ റയല്‍ ബോക്‌സില്‍ വെച്ച് പന്ത് തൊടാനോ കഴിഞ്ഞില്ല.

കഴിഞ്ഞയാഴ്ച ലാലിഗയിലെ ഫലങ്ങളും റയലിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതായിരുന്നു. ഗ്രനഡക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ എതിരില്ലാത്ത നാലു ഗോളിന് റയല്‍ ജയിച്ചപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ ഒരേയൊരു ഗോളിനാണ് എയ്ബറിനെ അത്‌ലറ്റി കീഴടക്കിയത്. മത്സരത്തില്‍ ഡീഗോ ഗോഡിന്‍ ചുവപ്പുകാര്‍ഡ് കാണുകയും ചെയ്തു.

Art

നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.

ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേ‍ക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ​ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

Continue Reading

Film

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

Published

on

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.

പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.

Continue Reading

Film

എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

Published

on

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.

വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.

Continue Reading

Trending