കൊച്ചി: തനിക്കെതിരായ നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍ അര്‍ധസത്യമെന്ന് നടന്‍ അലന്‍സിയര്‍. സൗഹൃദത്തിന്റെ പേരിലാണ് ദിവ്യയുടെ മുറിയില്‍ കയറിയത്. മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന് കഴിഞ്ഞ ദിവസമാണ് നടി വെളിപ്പെടുത്തിയത് എന്നാല്‍ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇന്ന് താനാണ് അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് ദിവ്യ വെളിപ്പെടുത്തുകയായിരുന്നു. പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയതെന്നും നടി പറഞ്ഞു.