തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ പ്രതികരണത്തിന് ഭയന്ന് പാര്‍ട്ടി നേതൃത്വം. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ആരും തന്നെ പ്രതികരിക്കാന്‍ തയാറായില്ല. എന്തിനും ഏതിലും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന കെ.സുരേന്ദ്രനെയും ഇപ്പോള്‍ കാണുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രതികരണം ഇപ്പോള്‍ വൈറലാണ്. അസുഖമാണ് അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. നേരില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
അതേസമയം, വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടി. നേതാക്കള്‍ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍.
അതിനിടെ, ബിജെപി നേതാക്കളുടെ കോഴ വിവാദം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. എം.ബി രാജേഷ് എം.പിയാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.