സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള താല്‍ക്കാലിക ഫീസ് സുപ്രീംകോടതി പതിനൊന്ന് ലക്ഷമാക്കി ഉയര്‍ത്തി. അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് അടക്കണം. ബാക്കി തുക ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
അഞ്ച് ലക്ഷം രൂപയുടെ ഏകീകൃത ഫീസ് ശരിവെച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് ചോദ്യം ചെയ്തു മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജികളിലാണ് കോടതിയുടെ നടപടി. സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളിലെ 85 ശതമാനം സീറ്റുകളിലും 5 ലക്ഷം രൂപയുടെ ഏകീകൃത ഫീസ് ഈടാക്കാമെന്ന ജസ്റ്റിസ് രാജേന്ദ്രന്‍ ബാബു കമ്മറ്റിയുടെ തീരുമാനം ശരിവെച്ച് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കരാറിലേര്‍പ്പെട്ട കോളജുകള്‍ക്ക് പതിനൊന്ന് ലക്ഷം രൂപവരെ ഫീസ് ഈടാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇത് തങ്ങള്‍ക്കും അനുവദിക്കണമെന്നും മാനേജ്‌മെന്റുകള്‍ വാദിച്ചു. എന്നാല്‍ കരാറിലേര്‍പ്പെട്ട സ്ഥാപനങ്ങള്‍ എല്ലാ സീറ്റുകളിലേക്കും പതിനൊന്ന് ലക്ഷമല്ല ഈടാക്കുന്നതെന്നും ഏതാനും സീറ്റുകളില്‍ അഞ്ച് ലക്ഷത്തിലും കുറഞ്ഞ ഫീസുകളിലും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത മാനേജ്‌മെന്റുകള്‍ ലാഭക്കൊതി മൂലമാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. ഹൈക്കോടതി ശരിവെച്ചത് താല്‍ക്കാലിക ഫീസാണെന്നും അതില്‍ താല്‍ക്കാലിക ഇളവ് നല്‍കണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് താല്‍ക്കാലിക ഫീസായി പതിനൊന്ന് ലക്ഷം വരെ ഈടാക്കാന്‍ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുവദിച്ചത്.
അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ അടക്കണം. ബാക്കി ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയായോ പണമായോ നല്‍കാം. പണമായി നല്‍കുന്ന ആറ് ലക്ഷം ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.