കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ 38ാം ജന്മദിനത്തില്‍ ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ബാല താരം മീനാക്ഷിയും താരത്തിന് ജന്മദിനാശംകളുമായി എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന് ഫേസ്ബുക്കില്‍ വര്‍ഗീയ കമന്റുമായി എത്തിയിരിക്കുകയാണ് ഒരു സ്ത്രീ.

ശ്യാമള എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് വര്‍ഗീയ അധിക്ഷേപം നിറഞ്ഞ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നീഎന്തിനാടാ ആ കൊച്ചിനെ പിടിച്ചു വെച്ചേക്കുന്നേ,നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ’, എന്നായിരുന്നു മീനാക്ഷിയുടെ ചിത്രത്തിന് ശ്യാമള എഴുതിയ കമന്റ്.

ആരോഗ്യവകുപ്പ് ജീവനക്കാരി എന്ന് പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള ഇവരുടെ കമന്റിന് കീഴില്‍ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.പ്രതിഷേധം കനത്തതോടെ കമന്റ് സ്ത്രീ പിന്‍വലിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

ഇതിന് മുമ്പ് വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് പൃഥ്വിക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത സൈബര്‍ ആക്രമണം നടത്തിയിരുന്നു. അതിന്റെ തുടര്‍ക്കഥയായാണ് ഇപ്പോള്‍ പിറന്നാള്‍ ദിവസത്തെയും വര്‍ഗീയ അധിക്ഷേപം.