ശ്രീനഗര്‍: സൈനിക പോസ്റ്റിലെ കാവല്‍ക്കാരുടെ പക്കല്‍നിന്നും തോക്കുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ കടന്നതായി സൂചന. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ പോസ്റ്റില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30തോടെ അഞ്ചു തോക്കുകളുമായി തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചത്. മൂന്ന് എസ്.എല്‍.ആര്‍ റൈഫിളും ഒരു കാര്‍ബൈന്‍ റൈഫിളും ഒരു ഇന്‍സാസ് റൈഫിളും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

സൈനിക പോസ്റ്റിലെ ജീവനക്കാരെ കീഴ്‌പ്പെടുത്തിയശേഷം തീവ്രവാദികള്‍ തോക്കുകളുമായി കടന്നുകളഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

തീവ്രവാദികളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. അതേസമയം, സംഭവസമയത്ത് സുരക്ഷാ പോസ്റ്റിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു