ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്റിനെ 79 റണ്‍സിലൊതുക്കി ഇന്ത്യ ചരിത്ര ജയം ആഘോഷിച്ചപ്പോള്‍ മിന്നിത്തിളങ്ങിയത് സ്പിന്നര്‍ അമിത് മിശ്ര. ഫൈനലിലെ വിക്കറ്റ് വേട്ട ഹരിയാനക്കാരനെ മത്സരത്തിലെയും പരമ്പരയിലേയും താരമാക്കി മാറ്റി.

പരമ്പരയിലുടനീളം വിക്കറ്റ് വേട്ടയില്‍ തിളങ്ങിയ താരം ഫൈനലില്‍ അപാരഫോമിലായിരുന്നു. വിശാഖ പട്ടണത്തെ സ്പിന്നിനെ തുണച്ച പിച്ചില്‍ 33കാരന്റെ തിരിയുന്ന പന്തുകളില്‍ പലതവണ കിവീസ് താരങ്ങള്‍ക്ക് അടിതെറ്റി.

പന്തിന്റെ ദിശയറിയാതെയാണ് ജെയിംസ് വാട്‌ലിങും ജെയിംസ് നീഷാമും പുറത്തായത്. ഓഫ്‌സൈഡില്‍ പിച്ചു ചെയ്ത് ലെഗ്ഗിലേക്ക് ടേണ്‍ ചെയ്ത പന്തിലാണ് വാട്‌ലിങിന്റെ സ്റ്റംപ് തെറിച്ചതെങ്കില്‍ അതിമനോഹരമായിരുന്നു ജെയിംസ് നീഷാമിന്റെ പുറത്താവല്‍. ലെഗില്‍ പിച്ച് ചെയ്‌തെത്തിയ പന്ത് പ്രതിരോധിക്കാനായിരുന്നു നീഷമിന്റെ ശ്രമം. പക്ഷെ ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് ടേണ്‍ ചെയ്ത് സ്റ്റംപുമായി പറന്നപ്പോള്‍ ഗാലറി പ്രകമ്പനം കൊണ്ടു.