Connect with us

Culture

എം.വി രാഘവനെ ലീഗ് അഴീക്കോട് പിന്തുണച്ചത് മുഅ്മിനായത് കൊണ്ടായിരുന്നില്ല: എം.കെ മുനീര്‍

Published

on

കോഴിക്കോട്: നോമിനേഷന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി രാഘവനെ മത്സരിപ്പിച്ചത് അദ്ദേഹം അഞ്ച് നേരം നമസ്‌കരിക്കുന്ന മുഅ്മിനായത് കൊണ്ടായിരുന്നില്ലെന്ന് ഡോ.എം കെ മുനീര്‍. കെ.എം.ഷാജിക്കും മുസ്ലിം ലീഗിനുമെതിരെ വര്‍ഗ്ഗീയത ആരോപിക്കുന്നതിനും മുഅ്മിനു വേണ്ടി വോട്ട് ചോദിച്ചുവെന്ന ലഘുലേഖേയുമായി ഇറങ്ങുന്നതിനും മുമ്പ് അദ്ദേഹത്തിന്റെ മകന്‍ നികേഷ്‌കുമാര്‍ ഇതൊക്കെ ഓര്‍ക്കണമായിരുന്നു. ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചുവെന്ന് നികേഷ് ആരോപിക്കുന്ന അതേ അഴീക്കോട് മണ്ഡലത്തിലായിരുന്നു എം.വി.രാഘവനെ അന്ന് ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മുനീര്‍ പറഞ്ഞു.

ഡോ.മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം താഴെ:

‘ഒരു ജന്‍മം’ എന്ന സഖാവ് എം.വി രാഘവന്റെ ആത്മകഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.ശ്രീ എം.വി നികേഷ് കുമാര്‍ സാധിക്കുമെങ്കില്‍ ആ പുസ്തകം ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്വജീവിതത്തില്‍ പാലിക്കേണ്ട നിരവധി പാഠങ്ങള്‍ അതിനകത്തുണ്ട്.

തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് അവസാനത്തെ രാഷട്രീയ അടവ് പയറ്റുമ്പോഴും എം.വി.ആര്‍ ഒരിക്കലും മാന്യതയുടെ അതിര്‍വരമ്പുകള്‍ ഉല്ലംഘിച്ചിരുന്നില്ല.

ശ്രീ നികേഷ്, രാഷ്ട്രീയ കേരളം താങ്കളെ ആദ്യമായി ശ്രദ്ധിക്കുന്നത് എന്നാണെന്ന് താങ്കള്‍ ഓര്‍ക്കുന്നുണ്ടോ?
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം തേടി കണ്ണൂരില്‍ കുടുംബത്തോടൊപ്പം ധര്‍ണ്ണയിരുന്ന ഒരു കൊച്ചു കുട്ടിയായാണ് സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താങ്കള്‍ വരുന്നത്. കണ്ണുകളില്‍ ഭീതിയും അമ്പരപ്പുമായി ചുറ്റുപാടും നോക്കി നില്‍ക്കുന്ന ആ ചെറിയ കുട്ടിയുടെ ചിത്രം കേരളം മറന്നിട്ടില്ല.
ആ തീക്ഷ്ണമായ അനുഭവങ്ങള്‍ക്ക് മീതെ കണ്ണുകള്‍ ഇറുക്കിയടച്ച് കേവലം ഒരു എം.എല്‍.എ എന്ന നിസ്സാര ലക്ഷ്യത്തിനായി മറുകണ്ടം ചാടുമ്പോള്‍ താങ്കള്‍ക്ക് ആത്മസംഘര്‍ഷമില്ലാതെ എങ്ങനെ ജീവിക്കാന്‍ കഴിയുന്നുവെന്ന് അത്ഭുതം തോന്നുന്നു.

സഖാവ് എം.വി.ആറിന് രാഷ്ട്രീയമായ എല്ലാ സംരക്ഷണവും നല്‍കിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.അങ്ങനെ ലീഗും യു.ഡി.എഫും നിലപാട് കൈ കൊണ്ടിരുന്നില്ലായിരുന്നുവെങ്കില്‍ സി.പി.എം കുലം കുത്തികള്‍ക്ക് നല്‍കുന്ന ശിക്ഷ സഖാവ്: എം.വി.ആറിനെയും തേടിയെത്തുമായിരുന്നു. ഈ വസ്തുതകള്‍ സൗകര്യപൂര്‍വ്വം താങ്കള്‍ മറന്നാലും ജനാധിപത്യവിശ്വാസികള്‍ക്ക് മറക്കാനാകില്ല. അഴീക്കോടിന്റെയും കഴക്കൂട്ടത്തിന്റെയുമൊക്കെ രാഷട്രീയ ചരിത്രം കൂടിയാണിത്. നോമിനേഷന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി.ആറിനെ മത്സരിപ്പിച്ചത് എം.വി.ആര്‍ അഞ്ച് നേരം നമസ്‌കരിക്കുന്ന മുഅമിനായത് കൊണ്ടായിരുന്നില്ല. മറിച്ച് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മാന്യതയായിരുന്നു അത്. മുസ്ലിം ലീഗ് ഇസ്മാഈല്‍ സാഹിബില്‍ നിന്നും പാഠമുള്‍കൊണ്ട രാഷ്ട്രീയ സംഘടനയത്രെ. ഭരണഘടനയുണ്ടാക്കിയ കോണ്‍സ്റ്റിറ്റിയവന്റ് അസംബ്ലിയിലായിരുന്നു ഇസ്മാഈല്‍ സാഹിബ് ഉണ്ടായിരുന്നത്. എന്ന് പറഞ്ഞാല്‍ രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളടങ്ങുന്ന ഒരു ഭരണഘടനയില്‍ സംഭാവനയര്‍പ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് വ്യംഗ്യം. അങ്ങനെയുള്ള ഒരു രാഷട്രീയ പ്രസ്ഥാനം മതേതരത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞാല്‍ പിന്നെ ആ പാര്‍ട്ടിയുടെ പ്രസക്തി എന്താണ്?

ഇക്കാലമത്രയും ഞങ്ങള്‍ പോരാടിയത് രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ നോക്കുന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, പോലെയുള്ള സംഘടനകളുമായിട്ടാണ്. പക്ഷേ നികേഷ് കുമാര്‍, ഒരു തെരെഞ്ഞെടുപ്പ് ജയിക്കുക എന്ന മിനിമം അജന്‍ഡക്ക് വേണ്ടി ഇപ്പറഞ്ഞ സംഘടനകളുമായൊക്കെ സന്ധി ചെയ്യുന്നതില്‍ താങ്കള്‍ക്ക് യാതൊരുവിധ പ്രയാസങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോഴും താങ്കളുടെ വാക്കുകളില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സുമാണ് വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍. അപ്പോഴും ബി.ജെ.പിയും ആര്‍.എസ്.എസ്സും താങ്കളുടെ വര്‍ഗ്ഗീയതയുടെ പരിധിക്കുള്ളില്‍ വരുന്നേയില്ല. ഇതില്‍ നിന്നും വ്യക്തമാണ് അങ്ങയുടെ ഉള്ളിലിരിപ്പ് എന്താണ് എന്നത്.

കെ.എം ഷാജിക്കെതിരെ ഇപ്പോള്‍ നിങ്ങളാഘോഷിക്കുന്ന ലഘുലേഖ വ്യാജ നിര്‍മ്മിതിയുടെ അങ്ങേയറ്റമാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. മറ്റാരെക്കാളും അതിന്റെ ഉറവിടമടക്കം താങ്കള്‍ക്കുമറിയാം. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നെറികേടിന്റെ ഏതറ്റം വരെയും പോകുന്ന താങ്കളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കും അതറിയാം. ലഘുലേഖ പുറത്തുവന്നതോടു കൂടി കേരളത്തിലെ പ്രബുദ്ധ ജനതയ്ക്കും അത് മനസ്സിലായിട്ടുണ്ട്. എല്ലാമറിഞ്ഞിട്ടും അഴീക്കോട് നിയോജകമണ്ഡലത്തെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാന്‍ നിന്നുകൊടുത്തതില്‍ താങ്കള്‍ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ..?

തെരെഞ്ഞെടുപ്പുകള്‍ വരും പോകും.ഒപ്പം ജയപരാജയങ്ങളും. പക്ഷേ രാഷ്ട്രീയത്തിലെ ബാലപാഠം എങ്ങനെ കുതന്ത്രങ്ങള്‍ മാനിപ്പുലേറ്റ് ചെയ്യാമെന്നതല്ല, തോല്‍വിയിലും ധാര്‍മ്മികത കൈമോശം വരാതെ എങ്ങനെ മൂല്യവത്തായ വിജയം വരിക്കാമെന്നതാണ്.

കൂത്തുപറമ്പിലെ സഖാവ് പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയാണ്. ബാലിശമായ ഒരു സമരത്തിന്റെ പേരില്‍ അഞ്ച് നിരപരാധികളുടെ ജീവന്‍ സി.പി.എം ബലികൊടുത്തപ്പോള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടയാള്‍. സഖാവ് എം.വി.ആറിന്റെ പേരിലുള്ള അവാര്‍ഡ് പുഷ്പന് നല്‍കിയതില്‍ സന്തോഷമുണ്ട്.കാരണം, സി.പി.എം അല്ല, എം.വി.ആര്‍ ആയിരുന്നു ശരിയെന്ന് ആ അവാര്‍ഡ് സഖാവ്, പുഷ്പനെ ബോധ്യപ്പെടുത്തും. ഒപ്പം നികേഷ്, താങ്കള്‍ ഒരു വാചകം കൂടി ശ്രീ പുഷ്പനോട് പറയണമായിരുന്നു. പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പാര്‍ട്ടി സ്വാശ്രയ വിദ്യാഭ്യാസ നയം തിരുത്തിയിട്ട് കാലമേറെ കഴിഞ്ഞുഎന്ന സത്യം. പുഷ്പനെയും അഞ്ച് രക്തസാക്ഷികളെയും സൃഷ്ടിച്ച പാര്‍ട്ടി നിലപാട് തെറ്റായിരുന്നു എന്ന സത്യം. പാര്‍ട്ടി നേതാക്കള്‍ക്ക് ബുദ്ധിയുദിക്കാന്‍ വൈകിയാല്‍ അതിന്റെ വിലകൊടുക്കേണ്ടി വരിക പുഷ്പനെ പോലുള്ള നിരപരാധികളാണ് എന്ന കാര്യം.

രാഷ്ട്രീയത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള നിലപാടുകളുടെ പ്രതീകമായിരുന്നു എം.വി.ആര്‍. ശാരീരിക അവശതകള്‍ അലട്ടിയ ജീവിതത്തിന്റെ അവസാന നാളുകളിലും മാനസികമായ കരുത്തും രാഷ്ട്രീയ നിലപാടുകളില്‍ ദൃഢതയും പ്രകടിപ്പിച്ച ധീരന്‍. ഒരു പ്രലോഭനത്തിലും വീഴാത്ത, ഒരു വിലപേശലിനും വഴങ്ങാത്ത മനുഷ്യന്‍.താങ്കള്‍ക്ക് എത്തിപ്പിടിക്കാനാവുന്നതിലും വളരെയേറെ ഉയരത്തിലാണ് ആ ഉജ്ജ്വല ജീവിതമാതൃക.പിന്തുടരാന്‍ താങ്കള്‍ക്കാവുമെന്ന് കരുതുന്നില്ല. പക്ഷെ, ഒറ്റിക്കൊടുക്കാതിരിക്കുകയെങ്കിലും ചെയ്യണമെന്നും മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending