തിരുവനന്തപുരം: അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഎം എംഎല്‍എ എ.എന്‍ ഷംസീര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശബ്ദിച്ചാല്‍ തീര്‍ത്തുകളയുമെന്നാണ് ഷംസീറിന്റെ ഭീഷണി. ന്യൂസ്18 ചാനലിന്റെ ചര്‍ച്ചക്കിടെയാണ് ഷംസീറിന്റെ വെല്ലുവിളി. കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചക്കിടെയാണ് ഷംസീറിന്റെ ആക്രോശം.
‘ജനങ്ങളുടെ പിന്തുണ കൊണ്ടാണ് പിണറായി മുഖ്യമന്ത്രിയായത്. പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച അഡ്വ.ജയശങ്കറിന് അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വക്കീല്‍ വിചാരിച്ച പോലെയല്ല കാര്യങ്ങള്‍. പിണറായിയെ വ്യക്തിപരമായി ആക്ഷേപിക്കാനും അധിക്ഷേപിക്കാനുമാണ് ജയശങ്കര്‍ മുതിരുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇതിന്റെ പ്രതിവിധി കൂടി നേരിടാന്‍ അദ്ദേഹം തയാറാവണം. രാത്രി ചര്‍ച്ചകള്‍ക്ക് വന്നിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വ്യക്തിപരമായി അധിക്ഷേപിച്ച് മുന്നോട്ടു പോകുമ്പോള്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് അറിയണം’, ശംസീര്‍ പറഞ്ഞു.
ചാനല്‍ അവതാരകന്‍ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷംസീര്‍ പിന്മാറിയില്ല. എന്നാല്‍ അവതാരകന്റെ വിലക്കുകളെ ലംഘിച്ച് ഷംസീര്‍ വീണ്ടും ഭീഷണി മുഴക്കുകയായിരുന്നു.
ജയശങ്കര്‍ തങ്ങള്‍ക്കൊരു വെല്ലുവിളിയല്ലെന്നും പിണറായി വിജയനെതിരെ സംസാരിച്ചാല്‍ വേണ്ടരീതിയില്‍ പ്രതികരിക്കുമെന്നും ഷംസീര്‍ ആവര്‍ത്തിച്ചു.
അതേസമയം, ഷംസീറിന്റെ വെല്ലുവിളിയെ താന്‍ നേരിടുന്നുവെന്ന് ജയശങ്കര്‍ പ്രതികരിച്ചു.