ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍ ചോരുന്നത് തടയാനാണിത്. ഇന്ത്യയില്‍ ഇതാദ്യമായാണ് മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച വിവരം കൈമാറി. മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട്‌ഫോണുകളും കാബിനറ്റ് യോഗങ്ങളിലും കാബിനറ്റ് കമ്മിറ്റി യോഗങ്ങളിലും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

മന്ത്രിമാരെ സംശയം?

മന്ത്രിമാരുടെ ഫോണുകള്‍ പാക്, ചൈനീസ് ഏജന്‍സികള്‍ ഹാക്ക് ചെയ്‌തേക്കാം എന്നതാണ് നിരോധനത്തിന് പറയുന്ന കാരണം. എന്നാല്‍, സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരെ പോലും വിശ്വസിക്കാന്‍ കഴിയാത്ത ഗതിയിലാണ് മോദി എന്ന് അണിയറ സംസാരമുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും മോദിക്കെതിരെ രൂപപ്പെടുന്ന ചേരിയെ നിയന്ത്രിക്കുക എന്നതുകൂടിയാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്നറിയുന്നു.

അതേസമയം, ഭരണ സുതാര്യത ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് മൊബൈല്‍ നിരോധനമെന്നും മോദിയുടെ ഫാസിസ്റ്റ് ആധിപത്യ മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ പറഞ്ഞു.

ബ്രിട്ടനിലും ഫ്രാന്‍സിലും കാബിനറ്റ് യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്.