ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന് പ്രിയങ്കരനായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്വാധീനമുണ്ടാക്കുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചതായും യു.എസ്, കനഡ, ഇസ്രാഈല്‍ രാജ്യങ്ങളില്‍ ഗഡ്കരി പദ്ധതിയിട്ട സന്ദര്‍ശനം ഉപേക്ഷിക്കേണ്ടി വന്നത് മോദി-ഷാ സഖ്യത്തിന്റെ ഇടപെടല്‍ കാരണമാണെന്നും പ്രമുഖ ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്ക് നിക്ഷേപകരെ തേടുന്നതിനു വേണ്ടിയാണ് അമേരിക്കയിലും കനഡയിലും ഇസ്രാഈലിലും ഗഡ്കരി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അവിടങ്ങളിലെ ഗവണ്‍മെന്റ് – സ്വകാര്യ പ്രതിനിധികളെ ചര്‍ച്ചക്കു ക്ഷണിക്കുകയും സമയം നിശ്ചയിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ ചിക്കാഗോയില്‍ ഈ മാസം 7, 8, 9 തിയ്യതികളില്‍ നടക്കുന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിലും ഗഡ്കരി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗവും നീതി ആയോഗ് യോഗവുമുള്ളതിനാല്‍ ഗഡ്കരി യാത്ര മാറ്റിവെക്കുന്നുവെന്ന് അദ്ദേഹത്തിന് ഓഫീസ് അവസാന നിമിഷം അറിയിക്കുകയായിരുന്നു.

ഗഡ്കരി വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് തടയാനുള്ള മോദി-ഷാ കൂട്ടുകെട്ടിന്റെ ചരടുവലിയാണ് ഇതെന്ന് സംഘ് പരിവാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി വയറിന്റെ സ്വാതി ചതുര്‍വേദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍.എസ്.എസ്സുമായി ഗഡ്കരി അടുത്ത ബന്ധം സൂക്ഷിക്കുന്നത് നരേന്ദ്ര മോദിക്ക് ഇഷ്ടമല്ല എന്ന കാര്യം സംഘ് വൃത്തങ്ങളില്‍ രഹസ്യമല്ല. തനിക്കു പകരക്കാരനായി പ്രധാനമന്ത്രിപദത്തിലേക്ക് ഗഡ്കരിയെ ആര്‍.എസ്.എസ് ഉയര്‍ത്തിക്കാട്ടുമോ എന്ന് മോദി ഭയപ്പെടുന്നു. 2019-ല്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നേടിക്കൊടുക്കുക എന്നത് അമിത് ഷായുടെയും മോദിയുടെയും ചുമതലയാണെന്ന് സംഘ് പരിവാര്‍ വൃത്തങ്ങളില്‍ സംസാരമുണ്ട്. അതില്‍ പരാജയപ്പെടുകയാണെങ്കില്‍ ഇരുവരെയും മാറ്റാനും ഗഡ്കരിയെ ഉയര്‍ത്തിക്കാട്ടാനും ആര്‍.എസ്.എസ് രംഗത്തിറങ്ങും.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പങ്കെടുക്കുന്ന ചിക്കാഗോയിലെ സമ്മേളനത്തില്‍ ഗഡ്കരി പങ്കെടുത്താല്‍ അത് അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നാണ് മോദി-ഷാ കൂട്ടുകെട്ടിന്റെ ഭയം. 2013-ല്‍ മോദിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള വഴി തുറന്നത് വിദേശത്തുള്ള ഹിന്ദുത്വ അനുകൂലികളുടെ അകമഴിഞ്ഞ പിന്തുണയായിരുന്നു.

ആര്‍.എസ്.എസ്സിന്റെ സമീപകാലത്തെ ചില നയപരിപാടികളില്‍ അമിത് ഷാക്കും മോദിക്കും കടുത്ത അതൃപ്തിയുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. ‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്ന ബി.ജെ.പി മുദ്രാവാക്യത്തെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയെ ആര്‍.എസ്.എസ് അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഈ മാസം അവസാനം ഡല്‍ഹിയില്‍ നടക്കുന്ന മോഹന്‍ ഭഗവതിന്റെ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണമുണ്ടാകുമെന്ന സൂചന ശക്തമാണ്. രാഹുലിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന ബി.ജെ.പി നേതൃത്വം ആര്‍.എസ്.എസ്സിന്റെ ഈ പ്രതിച്ഛായാ നീക്കത്തെ അസ്വസ്ഥതയോടെയാണ് നോക്കിക്കാണുന്നത്.