ലണ്ടന്‍: വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം ക്രിക്കറ്റ് താരം മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2015ലെ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പരമ്പരക്കിടെ ഓസീസ് താരം ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മോയിന്‍ അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് വംശീയാധിക്ഷേപം നേരിട്ടതിനെ കുറിച്ച് താരം പറയുന്നത്. അതേസമയം തന്നെ അധിക്ഷേപിച്ച താരത്തിന്റെ പേര് മോയിന്‍ അലി പറഞ്ഞില്ല.

മത്സരത്തിനിടെ ഒരു ഓസ്ട്രേലിയന്‍ താരം ” ടേക് ദാറ്റ്, ഒസാമ” എന്ന് തന്നോട് പറഞ്ഞതായാണ് മോയിന്‍ അലി വെളിപ്പെടുത്തിയിരിക്കുന്നത്. കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്‍ 77 റണ്‍സും, 5 വിക്കറ്റും നേടി മോയിന്‍ അലി മികച്ച പ്രകടനം നടത്തിയിരുന്നു. പരമ്പര ഇംഗ്ലണ്ട് 3-2ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ പരാമര്‍ശം തന്നെ ഏറെ വിഷമിപ്പിച്ചെന്നും ചില സഹകളിക്കാരോടും ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസിനോടും  സംഭവം പറഞ്ഞിരുന്നു.

ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ഇത് അന്നത്തെ ഓസ്ട്രേലിയന്‍ കോച്ചായ ഡാരന്‍ ലേമാനൊട് പറഞ്ഞിരുന്നു. എന്നാല്‍ ലേമാന്‍ താരത്തിനോട് വിശദീകരണം തേടിയപ്പോള്‍ താരം ഇത് നിഷേധിക്കുകയായിരുന്നു എന്ന് അലി പറയുന്നു.

അതേസമയം സംഭവം ഗൗരമായി കാണുന്നുവെന്നും കളികളത്തിലെ ഇത്തരം പെരുമാറ്റം ഒരിക്കലും ന്യായീകരിക്കാനാവില്ലയെന്നും തങ്ങളുടെ രാജ്യത്തിനെ പ്രതിനിധീകരിച്ച് കളിക്കുന്നവര്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടവരാണെന്നും അത്തരം കളിക്കാരിയില്‍ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്്‌ട്രേലിയ വക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട, സംഭവത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം തേടുമെന്നും ക്രിക്കറ്റ് ഓസ്്‌ട്രേലിയ വക്താവ് വ്യക്തമാക്കി.

എതിരാളികളെ മാനസികമായി തളര്‍ത്താന്‍ ഏതറ്റം വരേയും പോകുന്നവരാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. പലപ്പോഴും ഇത് പരിധി വിടാറുമുണ്ട്. എന്നാല്‍ മോയിന്‍ അലിയുടെ പുതിയ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെ ഭീകരവാദി എന്ന വിളിച്ചതിന് ടിവി കമന്റേറ്റര്‍ ഡീന്‍ ജോണ്‍സിന് ജോലി നഷ്ടമായിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ ഡീന്‍ ജോണ്‍സ് വിരമിച്ച ശേഷം ടിവി കമന്റേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.