മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുലിമുരുകന്‍ സിനിമയെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം. റിമയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സിന്റെ അശ്ലീലച്ചുവയുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്. മോഹന്‍ലാലിന്റൈ പുലിമുരുകനെ വിമര്‍ശിച്ചുവെന്നതാണ് ആരാധകരെ ചൊടിപ്പിക്കാന്‍ കാരണമായത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കുമ്പോഴാണ് മലയാള സിനിമാ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് റിമ തുറന്നടിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്ന ഒരു സെക്‌സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റ്കൂട്ടുന്ന മറ്റൊരു അമ്മ ഇവരാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നുമായിരുന്നു പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമകല്ലങ്കില്‍ പറഞ്ഞത്. കൂടാതെ പ്രതിഫലത്തിന്റെ കാര്യത്തിലും സ്ത്രീകള്‍ പുരുഷന്‍മാരേക്കാളും പിറകിലാണെന്നും റിമ പറഞ്ഞിരുന്നു.

നേരത്തെ, കസബ സിനിമക്കെതിരെ വിമര്‍ശനമുന്നയിച്ച നടി പാര്‍വ്വതിക്കെതിരേയും സമാനമായ രീതിയിലുള്ള സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സൈബര്‍ ആക്രമണം ആഴ്ച്ചകളോളം നീണ്ടുനിന്നപ്പോള്‍ ഫാന്‍സിനെ തള്ളി മമ്മുട്ടി തന്നെ രംഗത്തെത്തുകയായിരുന്നു. കസബ സിനിമയും അതില്‍ അഭിനയിച്ച മഹാനടനും തന്നെ നിരാശപ്പെടുത്തിയെന്നായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം.