ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഏറെക്കാലം എഐസിസി ട്രഷററായിരുന്നു. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശ് ഗവര്‍ണറുമായിരുന്നു. ഡല്‍ഹി ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം.

മൂത്രാശയത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് വോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം ഏപ്രില്‍ വരെ വോറ ചത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ട്രഷററായും ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.