ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദ്ദേശം ചെയ്തു. ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശിപാര്‍ശ. ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ക്ക് ധോണിയെ മാത്രമെ ശിപാര്‍ശ ചെയ്തിട്ടുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ച ധോണി, ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു. ഐ.സി.സിയുടെ മൂന്ന് ഫോര്‍മാറ്റിലും കിരീടം ചൂടിയ ഒരോയൊരു നായകന്‍ ധോണി മാത്രമാണ്.

ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന് കണക്കുകള്‍ പറയുന്ന ധോനിക്ക് നേരത്തെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍ രത്ന ലഭിച്ചിട്ടുണ്ട് ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോനി. പത്മശ്രീ നല്‍കിയും രാജ്യം ധോനിയെ ആദരിച്ചിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പിലും 2007ലെ ടിട്വന്റി ലോകകപ്പിലുമാണ് ധോനിയുടെ നായകത്വത്തില്‍ ഇന്ത്യ കിരീടം നേടിയത്.

ഇന്ത്യയ്ക്കായി 90 ടെസ്റ്റും 303 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് മുപ്പത്തിയാറുകാരനായ ധോനി. ടെസ്റ്റില്‍ ആറ് സെഞ്ചുറി അടക്കം 4876 റണ്‍സും ഏകദിനത്തില്‍ 10 സെഞ്ചുറി അടക്കം 9737 റണ്‍സും നേടി.

ടെസ്റ്റില്‍ 256 കാച്ചും 38 സ്റ്റമ്പിങ്ങുമുണ്ട് ധോനിയുടെ കണക്കില്‍. ഏകദിനത്തില്‍ 285 ക്യാച്ചും 101 സ്റ്റമ്പിങ്ങും നടത്തിയിട്ടുണ്ട് ധോനി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവസ്‌ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സി.കെ.നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.