ന്യൂഡല്‍ഹി: ദേശീയ പൗരത്വ റജിസ്റ്ററിന്റെ മറവില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സമാനമായ മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി അഷ്റഫലി. എം.എസ്.എഫ് ആസ്സാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസാമിലെ ദറങ് ജില്ലയിലെ കറുപേട്ടിയയില്‍ റോഡ് ഉപരോധത്തില്‍ പങ്കെടുത്ത് ഉല്‍ഘടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ രജിസ്റ്ററില്‍ ഇടം നഷ്ടപ്പെട്ട 10-ലക്ഷത്തോളമുള്ള മുസ്ലിംകളെ മാത്രം ഉന്നം വെക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം തികച്ചും ദുരുദ്ദേശ്യപരമാണ്. ബംഗ്ലാദേശ്,പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ മുസ്ലിമേതര പൗരന്‍മാര്‍ക്ക് റജിസ്റ്ററില്‍ ഇളവ് നല്‍കുക വഴി ജനങ്ങളെ മതകീയമായും രാഷ്ട്രീയമായും ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ആസാമില്‍ നടപ്പില്‍ വരുത്തുന്നത്. നിലവില്‍ 10 ലക്ഷം മുസ്ലിങ്ങളില്‍ ഉള്ളവര്‍ തന്നെ ആസ്സാമില്‍ ജനിച്ചവരും 1971 നു മുന്നെ ഉള്ള തലമുറയും അവരുടെ പിന്മുറക്കാരുമാണ്. ജനങ്ങളുടെ വീടുകളും കൃഷിയിടങ്ങളും വെള്ളപ്പൊക്കവും ബ്രഹ്മപുത്ര നദീതീരം ഇടിഞ്ഞുണ്ടാകുന്ന ദുരന്തങ്ങള്‍ കൊണ്ടും നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ രേഖകള്‍ പുനര്‍നിര്‍മിക്കുന്നതിനു മതിയായ സഹായങ്ങളോ സര്‍ക്കാര്‍ നല്‍കാത്തത് മൂലമാണ് ഇവരില്‍ ചിലരെങ്കിലും രേഖകള്‍ ഇല്ലാത്തവരായി മാറിയത്. ഇവര്‍ക്ക് രേഖകള്‍ ഉണ്ടാക്കാന്‍ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാരിന്റെ ഈ വിഭാഗീയ നടപടികള്‍ക്കെതിരെ പാര്‍ലമെന്റിനു അകത്തും പുറത്തും ശക്തമായ പ്രതിഷേധമുറകളുമായും നിയമപരമായും ആസാം ജനതയോടൊപ്പം മുസ്ലിം ലീഗ് ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖറുപേട്ടിയയില്‍ നടന്ന റോഡ് ഉപരോധത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷമീര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്‍േ ഹേല്‍ ബാക്കി ,എം.എസ്.എഫ് ആസ്സാം സോണല്‍ സെക്രട്ടറി സുഹൈല്‍ കണ്ണീരി ഹുദവി, സംസ്ഥാന പ്രസിഡണ്ട് തൗസീഫ് ഹുസൈന്‍ റെസ, ജനറല്‍ സെക്രട്ടറി ജാക്കിര്‍ അക്തര്‍ പര്‍വേസ്, ജില്ലാ ഭാരവാഹികളായ വാഷിം നവാസ്, റൂഹുല്‍ അമീന്‍ എന്നിവര്‍ പങ്കെടുത്തു.