തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മദ്യപിച്ച് കാറിടിച്ചു കൊന്ന കേസിലാണ് സുപ്രീംകോടതി ജാമ്യം തള്ളിയത്.

ജീവപര്യന്തം കഠിനതടവ് ശിക്ഷയാണ് മുഹമ്മദ് നിഷാം അനുഭവിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന ആവശ്യവും കോടതി നിരസിച്ചു.

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധി രണ്ടുതവണ നീട്ടുകയും ചെയ്തു. എന്നാല്‍, മൂന്നാമതും ജാമ്യം നീട്ടണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തുടര്‍ന്ന് സെപ്റ്റംബര്‍ 15ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഹാജരാകുകയും ചെയ്തു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് നിഷാം സുപ്രീംകോടതിയെ സമീപിച്ചത്.