തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി നടനും എം.എല്‍.എയുമായ മുകേഷ്. മോദി മികച്ച നടനാണെന്ന് മുകേഷ് പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലായിരുന്നു മുകേഷിന്റെ വിമര്‍ശനം.

മോദിയെ ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ മികച്ച നടനായി തെരഞ്ഞെടുക്കുമായിരുന്നു. നോട്ട് പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയായിരുന്നു മോദി. എന്നാല്‍ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ഗുണം ചെയ്‌തെന്ന് നടിക്കുകയാണ്. മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മികച്ച നടനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മുകേഷ് പരാമര്‍ശം നടത്തി. കേസിലെ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണ്. നടിയുടെ തിരിച്ചുവരവ് എല്ലാവര്‍ക്കും മാതൃകയാണെന്നും മുകേഷ് പറഞ്ഞു.