Connect with us

Views

അവധിക്കാലത്തെ മുങ്ങിമരണങ്ങള്‍

Published

on

വീണ്ടുമൊരു വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ഈ വേനലവധി അവസാനിക്കുന്നതിന് മുമ്പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങിമരിച്ചിരിക്കും, അതില്‍ കൂടുതലും കുട്ടികളായിരിക്കും. അവധി ആഘോഷിക്കാന്‍ കൂട്ട് കൂടി പോകുന്നവര്‍, ബന്ധു വീട്ടില്‍ പോകുന്നവര്‍ അടുത്ത വീട്ടിലെ കുളത്തില്‍ പോകുന്നവര്‍ എന്നിങ്ങനെ നൂറിലധികം കുടുംബങ്ങള്‍ക്ക് അവധിക്കാലം ഒരിക്കലും മറക്കാനാവാത്ത ദുഃഖത്തിന്റെ കാലമാകും. ഇതെല്ലാ വര്‍ഷവും പതിവാണ്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം പേര്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഓരോ വര്‍ഷവും 1200 ലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്.
റോഡപകടത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എത്ര അപകടം ഉണ്ടായി, എത്ര പേര്‍ക്ക് പരിക്കുപറ്റി, എത്ര പേര്‍ മരിച്ചു, ഏതൊക്കെ മാസങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ കേരളാ പൊലീസിന്റെ വെബ്‌സൈറ്റിലുണ്ട്. എന്നാല്‍ മുങ്ങിമരണത്തെക്കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ല. ഇതിനൊരു കാരണമുണ്ട്. മുങ്ങിമരണം കേരളത്തിലെ സുരക്ഷാനിര്‍വഹണരംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്നതോ പോകട്ടെ, ഇതിനെതിരെ ബോധവത്കരണം നടത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി പോലെ ഒരു അതോറിറ്റിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. പനി ചികില്‍സിക്കാന്‍ അറിയില്ലെങ്കില്‍ രോഗിയുടെ ടെംപെറേച്ചര്‍ എടുക്കരുത് എന്നൊരു ചൊല്ലുണ്ട്. മുങ്ങി മരണത്തിന്റെ കാര്യവും അങ്ങനെയാണ്. നാം ഒന്നും ചെയ്യാത്ത സ്ഥിതിക്ക് മരണം എണ്ണി കൂട്ടിനോക്കിയിട്ട് എന്ത് പ്രയോജനം? എല്ലാ റോഡപകടത്തിലും ഒരു ‘വില്ലന്‍’ ഉണ്ട്, വാഹനം. അപ്പോള്‍ മരിച്ചയാളുടെ ബന്ധുക്കള്‍, വണ്ടിയോടിച്ചിരുന്നത് വേറൊരാള്‍ ആയിരുന്നെങ്കില്‍ അയാള്‍, ഇന്‍ഷൂറന്‍സ് കമ്പനി, മരിച്ചയാള്‍ക്ക്‌വേണ്ടി വാദിക്കുന്ന വക്കീല്‍ എന്നിങ്ങനെ ഈ മരണവുമായി ബന്ധപ്പെട്ടവര്‍ ഏറെയുണ്ട്. റോഡപകടമുണ്ടായി ഒരാള്‍ ആസ്പത്രിയിലെത്തുമ്പോള്‍ തന്നെ ‘കേസ് പിടിക്കാന്‍’ വക്കീലുമാരുടെ ഏജന്റുകള്‍ അവിടെത്തന്നെയുണ്ട്. മുങ്ങിമരണത്തില്‍ ഇതൊന്നുമില്ല. മുങ്ങിമരിക്കുന്ന 1200 പേരില്‍ ഒരു ശതമാനംപോലും ബോട്ട് മുങ്ങിയല്ല മരിക്കുന്നത്. അപ്പോള്‍ വെള്ളമില്ലാതെ മറ്റൊരു വില്ലനെ ചൂണ്ടിക്കാണിക്കാനില്ല. ഇന്‍ഷുറന്‍സ് ഇല്ല, വക്കീല്‍ ഇല്ല, കേസ് ഇല്ല, ഏജന്റുമില്ല. നഷ്ടം കുടുംബത്തിനു മാത്രം.
വാസ്തവത്തില്‍ കേരളത്തിലെ അപകട മരണങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ കുറവ് വരുത്താവുന്നത് മുങ്ങി മരണത്തിലാണ്. 1200 മരണങ്ങള്‍ നടക്കുന്നതില്‍ ഒരു ശതമാനം പോലും യാത്രക്കിടയിലോ ബോട്ട് മുങ്ങിയോ അല്ല. ആളുകള്‍ കുളിക്കാനും കളിക്കാനും വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ സംഭവിക്കുന്നതാണ്. അല്‍പം ജല സുരക്ഷാബോധം, വേണ്ടത്ര മേല്‍നോട്ടം, വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കാനുള്ള മിനിമം സംവിധാനം ഇത്രയും ഉണ്ടെങ്കില്‍ ഒറ്റ വര്‍ഷം കൊണ്ട് മരണനിരക്ക് പകുതിയാക്കാം. കഴിഞ്ഞ വര്‍ഷം കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി സിനിമ തിയേറ്ററില്‍ ജല സുരക്ഷയെപ്പറ്റി മുന്നറിയിപ്പ് കൊടുത്തിരുന്നു. വാസ്തവത്തില്‍ നമ്മുടെ എല്ലാ ടി.വി ചാനലുകളും പത്രങ്ങളും ഒരല്‍പം സമയമോ സ്ഥലമോ ഇതിനായി നീക്കിവെച്ചാല്‍ എത്രയോ ജീവന്‍ രക്ഷിക്കാം. അതൊന്നും നമുക്ക് ഉറപ്പാക്കാവുന്ന കാര്യം അല്ലല്ലോ. ജലസുരക്ഷക്ക് ചില മാര്‍ഗങ്ങള്‍ 1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ കുട്ടികളോട് സംസാരിക്കുക. 2. തീ പോലെ വെള്ളം കുട്ടികള്‍ക്ക് പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും അവരെ നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് #ാറ്റിലെ സ്വിമ്മിങ് പൂള്‍ ആയാലും, ചെറിയ കുളമായാലും, കടലായാലും. 3. കുട്ടിക്ക് നീന്താന്‍ അറിയില്ലെങ്കില്‍ ഈ അവധിക്കാലം കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും. 4. അതേസമയം തന്നെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ ‘പണ്ടെത്ര നീന്തിയിരിക്കുന്നു’ എന്നും പറഞ്ഞു കുട്ടികളെയുംകൊണ്ട് കുളത്തിലോ പുഴയിലോ പോകരുത്. പണ്ടത്തെ ആളല്ല നമ്മള്‍, പണ്ടത്തെ പുഴയല്ല പുഴ. നീന്തല്‍ പഠിപ്പിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിടുന്നതാണ് സുരക്ഷിതം. 5. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്ന കുട്ടികളോട് മുതിര്‍ന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുക. വിരുന്നു പോകുന്ന വീടുകളിലെ മുതിര്‍ന്നവരെയും ഇക്കാര്യം ഓര്‍മിപ്പിക്കുന്നത് നല്ലതാണ്. 6. വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസ്സില്‍ കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക. 7. അവധികാലത്ത് ടൂറിന് പോകുമ്പോള്‍ വെള്ളത്തില്‍ ഇറങ്ങി എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവര്‍ വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും അത്യാവശ്യ സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമായിരിക്കും. 8. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് എല്ലാവരെയും ബോധവത്കരിക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാര്‍ഗം. 9. വെള്ളത്തില്‍ യാത്രക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും കേരളീയ വസ്ത്രങ്ങള്‍ അപകടം കൂട്ടുന്നവയാണ്. ഒന്നുകില്‍ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധിക്കുക. 10. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോള്‍ കാണുന്നതിനേക്കാള്‍ കുറവായിരിക്കാം. ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി. 11. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ ഒരടി വെള്ളത്തില്‍ പോലും മുങ്ങി മരണം സംഭവിക്കാം. 12. സ്വിമ്മിങ്പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്‍ കിട്ടുന്ന വായു നിറച്ച റിങ്, പൊങ്ങി കിടക്കുന്ന #ോട്ട്, കയ്യില്‍ കെട്ടുന്ന #ോട്ട് ഇവയൊന്നും പൂര്‍ണ സുരക്ഷ നല്‍കുന്നില്ല. ഇവയുള്ളതുകൊണ്ട് മാത്രം മുതിര്‍ന്നവരുടെ ശ്രദ്ധയില്ലാതെ വെള്ളത്തില്‍ ഇറങ്ങാന്‍ കുട്ടികള്‍ മുതിരരുത്. 13. നേരം ഇരുട്ടിയതിനുശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ ചാടാന്‍ ശ്രമിക്കരുത്. 14. മദ്യപിച്ചതിന് ശേഷം ഒരിക്കലും വെള്ളത്തില്‍ ഇറങ്ങരുത്. 15. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്. 16. ബോട്ടുകളില്‍ കയറുന്നതിന് മുമ്പ്‌സുരക്ഷക്കുള്ള ലൈഫ് വെസ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കുക.


മുരളി തുമ്മാരുകുടി

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending