മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഒക്ടോബറിലാണ് കൊലപാതകം നടന്നത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്തത്.

ഒക്ടോബറിലാണ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ രീതിയില്‍ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പൊലീസ് ഇയാളുടെ ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.

ഇതോടെ സുഹാസ് ദോണ്ഡെ എന്നയാളാണ് മരിച്ചതെന്ന് ബന്ധു തിരിച്ചറിയുകയായിരുന്നു. ഒക്ടോബര്‍ 16 മുതല്‍ സുഹാസിനെ കാണാതായിരുന്നതായും ബന്ധു വെളിപ്പെടുത്തി. തുടര്‍ന്ന് സുഹാസിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ആരിഫ് ഖാസി (42), അങ്കുഷ് സാനെ (45) എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു.

സുഹാസും ആരിഫും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി. ഇത് അറിഞ്ഞതോടെ സുഹാസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ആരിഫ്, കഴിക്കുന്ന ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ മയക്കുകയായിരുന്നു. തുടര്‍ന്ന് അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാറില്‍ കാട്ടിലേക്കെത്തിച്ച ശേഷം കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.